മംഗലപുരം: കുഞ്ഞുങ്ങളുടെ ആരവങ്ങൾക്കിടയിൽ ഇടവിളാകം യു.പി.സ്കൂൾ മാതൃകാ പ്രീ പ്രൈമറിക്ക് വർണാഭമായ തുടക്കം. സമഗ്ര ശിക്ഷാ കേരളം കണിയാപുരം ബി.ആർ.സിയുടെ നേതൃത്വത്തിലാണ് സ്റ്റാർസ് മാതൃകാ പ്രീപ്രൈമറി വർണ്ണ കൂടാരം ഇടവിളാകം യു.പി.സ്കൂളിൽ നിർമ്മിച്ചത്.
പത്ത് ലക്ഷം രൂപ ചെലവിൽ അനുഭവങ്ങളിലൂടെ പഠനം എന്ന ലക്ഷ്യത്തിൽ ഊന്നൽ നൽകി പതിമൂന്ന് ഇടങ്ങൾ സജ്ജീകരിച്ചു.ഓരോ ഇടങ്ങളിലും പഠനാനുഭവങ്ങൾ പങ്ക് വെക്കുന്നതിന് ഐ.ടി സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും. പഠനം രസകരമാക്കാൻ പുസ്തകമരം., ജലാശയം, ഹരിതോദ്യാനം തുടങ്ങിയവയും നിർമിച്ചിട്ടുണ്ട്. നൂറിൽപ്പരം കുട്ടികൾ നിലവിൽ പ്രീ പ്രൈമറി വിഭാഗത്തിൽ ഇവിടെ പഠനം നടത്തുന്നുണ്ട്. പ്രീ പ്രൈമറി വിഭാഗം അന്താരാഷ്ട്ര വിഭാഗത്തിൽ ഉയരുന്നതോടെ പൊതു വിദ്യാലയത്തിലെ കുട്ടികളുടെ പഠന നിലവാരം നിലവിലേക്കാൾ മികച്ചതാകും.വി.ശശി എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം അധ്യക്ഷ ആയിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജി.മുരളീധരൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ എ.പി.സുനിൽകുമാർ, കെ.പി. ലൈല, ഗ്രാമ പഞ്ചായത്തംഗം എസ് കവിത, എ.ഇ.ഒ ജ്യോതി ടി.ജി, ബി.പി.സി ഡോ.ഉണ്ണികൃഷ്ണൻ പാറക്കൽ, പ്രഥമാധ്യാപിക എൽ.ലീന, പി.ടി.എ ഭാരവാഹികളായ എ.ബിനു, പി.ഷാജി, പള്ളിപ്പുറം ജയകുമാർ എന്നിവർ സംസാരിച്ചു: ഡോക്ട്രേറ്റ് നേടിയ കണിയാപുരം ബി.പി.സി.ഡോ.ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, നിർമ്മാണ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ കലാകാരന്മാരായ എസ്.സുരേഷ് ബാബു, മുത്തു, ദീപു ദേവദാസ് എന്നിവരെയും ആദരിച്ചു.