വര്‍ക്കല: വീട് കുത്തിത്തുറന്ന് 22 പവൻ സ്വര്‍ണം കവര്‍ന്നു. കുരയ്ക്കണ്ണി സ്വദേശി ഉമറുൽ ഫാറൂഖിന്‍റെ വീട്ടിലാണ് മോഷണം. വീട്ടുകാർ രാത്രിയിൽ ബന്ധുവിന്‍റെ മരണവീട്ടിൽ പോയ സമയത്താണ് മോഷ്ടാവ് വീടിന് അകത്തുകടന്നത്. രാത്രി 11.30 -ന് ബന്ധുവിന്‍റെ മരണവീട്ടിൽ പോയി പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിഞ്ഞത്. വീടിന്‍റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് ആഭരണങ്ങൾ കവര്‍ന്നത്.
മൂന്ന് മുറികളിലേയും അലമാരകൾ കുത്തിത്തുറന്നിരുന്നു. മകന്‍റെ വീട് നിര്‍മ്മാണത്തിന് സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ വിടിനകത്ത് നിലത്ത് വീണ നിലയിൽ കണ്ടെത്തി. മോഷണ മുതലുമായി പ്രതി കടന്നുകളയുന്നതിനിടെ നിലത്ത് വീണതാകാമെന്നാണ് നിഗമനം. വീട്ടിലെ മറ്റൊരു മേശയിലിരുന്ന പണവും നഷ്ടപ്പെട്ടിട്ടില്ല. ഡോഗ് സ്‍ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.