” പൊന്നു വയ്ക്കേണ്ടിടത്തൊരു പൂവുമാത്രം വച്ചു, കൺതുറന്നു കണി കണ്ടു ധന്യരായോർ നമ്മൾ ” മലയാളിയുടെ വിഷു സങ്കല്പത്തെ കുറിച്ച് പ്രിയയകവി ഒ.എൻ.വി കുറപ്പ് പാടിയ കവിതയാണിത്.
ഓർമ്മകളിലെവിടെയോ ഒരു വിഷുപക്ഷിയുടെ ഗാനം മലയാളി എന്നും ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ട്. കഴിഞ്ഞകാല സ്മൃതി പഥങ്ങളിൽ നിന്നും എനിക്കായി മാത്രമാണ് ഈ കൊന്നമരം പൂവുകൾ നീട്ടുന്നതെന്ന് സങ്കല്പ്പിക്കാറുണ്ട്. പ്രണയിനിയുടെ മന്ദഹാസത്തിന്റെ മാധുര്യവുമായി പൊയ്പ്പോയ ജീവിത വസന്തങ്ങളെ ഓർമ്മപ്പെടുത്തുന്ന വിഷുക്കാലത്തെ നാം എങ്ങിനെ മറക്കാനാണ്.
ഓണം പോലെ ജീവിതത്തിലേക്ക് കയറിവന്നു കഥകൾ പറയുന്ന മലയാളികളുടെ ആചാരപ്പൊലിമയിൽ വിഷുവിന് വലിയ സ്ഥാനമാണുള്ളത്. ഇല്ലായ്മകളുടെ ഇരുണ്ട വഴികളിൽ മേടപ്പൊന്നണിഞ്ഞ് ചുറ്റുവട്ടങ്ങൾ നിറകതിരാടുന്ന പുക്കാല ഭംഗിയായി വിഷു നമുക്ക് ആശ്വാസ രാവുകളുടെ വിരുന്നൊരുക്കുന്നു.
കേരളത്തിന്റെ കാർഷികസംസ്കൃതിയുടെ അടരുകളിൽ നിന്നുമാണ് വിഷു ആഘോഷങ്ങളുടെ പിറവി. ഇല്ലായ്മകളും വല്ലായ്കളും നിറഞ്ഞ നിത്യജീവിത പരിസരങ്ങളിൽ മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന് ആചാര വിശുദ്ധിയുണ്ടായിരുന്നു. ദൈവബോധത്തിന്റെ ഭയത്തിനപ്പുറം ഭക്തി കൃതജ്ഞതയുടേതായ ദിനരാത്രങ്ങളായിരുന്നു അത്. വിളവു നൽകിയ പ്രകൃതിയിലെ അതീത ശക്തിക്ക് മുന്നിൽ തൊഴുകൈകളോടെ കാണിക്ക നൽകി പ്രാർത്ഥിച്ച ദിനം. ഏറ്റുവാങ്ങുമ്പോൾ കടപ്പാട്ടിനാൽ സൃഷ്ടി കർത്താവിനു മുന്നിൽ, സംരക്ഷകനുമുന്നിൽ കൈകൂപ്പി പ്രണമിച്ച് വരിൽ നിന്നും ആഘോങ്ങളുടെ വിഷുക്കാലവും വിളവെടുപ്പിനെ കുറിച്ചല്ല കണിയൊരുക്കി അഭിമാനിക്കുന്നതിനെക്കുറിച്ചാണ് ഇന്നോർമ്മപ്പെടുത്തുന്നത്.
കൊടുക്കൽ വാങ്ങലുകളുടെ സമ്പന്നമായൊരാചാ വിശേഷമായിരുന്നു നമുക്ക് വിഷുക്കാലം. കടലോളം കനിവും നിറവും കാത്തുവച്ചവർക്ക് വിഷു കൈനീടം ഒരു ചടങ്ങ് മാത്രമായിരുന്നില്ല. അതിനുമപ്പുറം സഹജീവി സ്നേഹത്തിന്റെ കാരുണ്യമായിരുന്നു. വിഷുസദ്യയും
വിഷു കൈനീട്ടവും കരുതലിന്റെ പുണ്യമായിരുന്നു. വിഷു പടക്കങ്ങളിൽ പൊട്ടി വിടർന്നത് ദു:ഖമകന്നമ കുട്ടികളുടെ ഇത്തിരിപ്പോന്ന സന്തോഷ ദിനങ്ങളായിരുന്നു. വിഷുക്കണിയാകട്ടെ രോഗ ദാരിദ്യങ്ങളൊഴിഞ്ഞ പുലർ വെട്ടത്തിന്റെ മനോഹാരിതയായിരുന്നു. ഇങ്ങനെ പറഞ്ഞാൽ തീരാത്ത വിഷു വിശേഷങ്ങളോരോന്നും നമ്മുടെ ഇന്നലകളിലെ മധുര മനോഹര സ്വപ്നങ്ങളുടെ നിറച്ചാർത്തിൽ വിടർന്നതായിരുന്നു. പൊന്നില്ലെങ്കിൽ പൂവുകൊണ്ട് തൃപ്തിപ്പെടാൻ മലയാളിയെപഠിപ്പിച്ച വിഷുവിന് എന്നും മലയാളപ്പൊന്നിന്റെ നിറം കെടാത്ത തിളക്കമാണ്.