അയിരൂർ :വൃദ്ധയെ ആക്രമിച്ചു മാല കവരാൻ ശ്രമിച്ച കേസിലെ പ്രതിയെ അയിരൂർ പോലീസ് പിടികൂടി.ചെമ്മരുതി വട്ടപ്ലാമൂട് കോളനി സ്വദേശി ശരത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഏപ്രിൽ 16 ന് വൈകുന്നേരം 6.30 ഓടെ വർക്കല ശ്രീനിവാസപുരം കൃഷ്ണ നിവാസിൽ 94കാരിയായ ദേവകിയെയാണ് ആക്രമിച്ചു മാല കവരാൻ ശ്രമിച്ചത്. വീടിന്റെ ഹാളിൽ ടി വി കണ്ടിരുന്ന ദേവകിയുടെ കഴുത്തിൽ പ്രതി ശക്തിയായി അമർത്തി പിടിക്കുകയും മാല പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ദേവകി ബഹളം വച്ചതിനെ തുടർന്ന് മകനായ കൃഷ്ണൻ ഓടി എടുത്തുകയും തടയാൻ ശ്രമിച്ച കൃഷ്ണനെ തള്ളിമാറ്റി പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടിയെങ്കിലും പ്രതിയെ പിടിക്കാനായിരുന്നില്ല.
സമാനമായ രീതിയിൽ ഏപ്രിൽ 10 ന് കൃഷ്ണന്റെ ഭാര്യ രമണിയെയും മോഷ്ടാവ് ആക്രമിച്ചിരുന്നു. രാത്രിയിൽ പുറത്തേയ്ക്ക് ഇറങ്ങിയ രമണിയുടെ മുഖത്ത് കൈ കൊണ്ട് ബലം പ്രയോഗിച്ച് തള്ളി ഇട്ടശേഷം പ്രതി കടന്ന് കളഞ്ഞിരുന്നു. നിലത്തു വീണ രമണിയുടെ ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തുവെന്ന് കാണിച്ചു അയിരൂർ പോലീസിൽ പരാതി നൽകിയിരുന്നു.
സംഭവത്തിൽ അയിരൂർ എസ് ഐ സജിത് സ്ഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സമീപ പ്രദേശത്തെ സിസിടിവികൾ പരിശോധിക്കുകയും പോലീസ് മോഷ്ടാവിലേക്ക് എത്തുകയുമായിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ശരത്ത് പകൽ സമയം അലഞ്ഞു തിരിഞ്ഞു നടക്കുകയും ആൾതാമസം ഇല്ലാത്തതും വയോധികർ തമാസിക്കുന്നതുമായ വീടുകൾ കണ്ടെത്തി വച്ച ശേഷം രാത്രിയിൽ മോഷണം നടത്തുകയുമാണ് രീതി എന്ന് അയിരൂർ പോലീസ് അറിയിച്ചു . അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.