ആറ്റിങ്ങൽ നഗരസഭയിലെ ഹരിത കർമ്മ സേനയുടെ വാർഷിക ആഘോഷവും യൂണിഫോം വിതരണവും നഗരസഭ അധ്യക്ഷ എസ്.കുമാരി നിർവഹിച്ചു. ആറ്റിങ്ങൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ 70 ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള യൂണിഫോമാണ് വിതരണം ചെയ്തത്. ടെലിവിഷൻ താരം അഞ്ജുശ്രീ മുഖ്യാതിഥിയായിരുന്നു. നഗരസഭ ഉപാധ്യക്ഷൻ ജി.തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു.
ഹരിത കർമ്മ സേന അംഗങ്ങൾ, ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്ക് ഐഡി കാർഡും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് തിരുവാതിര, നാടൻ പാട്ട് ഉൾപ്പെടെ വിവിധ കലാപരിപാടികളും ഹരിത കർമ്മ സേന അംഗങ്ങൾ അവതരിപ്പിച്ചു. മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആറ്റിങ്ങൽ നഗരസഭയിൽ ജൈവ അജൈവമാലിന്യം ശേഖരിക്കുന്നതിന് പ്രത്യേകം യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.