വെമ്പായം : എംഡിഎംഎയും കഞ്ചാവും വിൽപന നടത്തിയ കേസിൽ തേക്കട ചിറക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് റാഷിദാണ്(24, കമ്പി റാഷിദ്) അറസ്റ്റിലായി. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാളുടെ പക്കൽ നിന്ന് എംഡിഎംഎയും കഞ്ചാവും കൂടാതെ വടിവാളും എയർ ഒരു ഗണ്ണും കണ്ടെടുത്തതായി എക്സൈസ് സിഐ ബി.ആർ.സ്വരൂപ് അറിയിച്ചു.
സ്കൂൾ കോളജ് വിദ്യാർഥികൾക്ക് എംഡിഎംഎയും കഞ്ചാവും വിൽക്കുന്ന ആളാണ് എക്സൈസ് സംഘം പറഞ്ഞു. എംഡിഎംഎ അര ഗ്രാമിന്റെ ചെറിയ പൊതികളിൽ ആക്കി ഒരു പൊതിക്ക് 2000 രൂപ വച്ചാണ് വിൽപന നടത്തുക. കഞ്ചാവ് ഒരു പൊതിക്ക് 500 രൂപയും 1000 രൂപയുമാണ് വില.
പ്രത്യേക കോഡ് ഉപയോഗിച്ച് ഫോൺ വഴിയാണ് വിൽപന. പേക്ക്-എം, ജോയിന്റ് എന്നിവയാണ് കോഡ് ഭാഷ. ഇയാൾ താമസിച്ചിരുന്ന വീടിന്റെ കിടപ്പ് മുറിയിൽ നിന്നും 17.21 ഗ്രാം എംഡിഎംഎ, കഞ്ചാവ്, ഒരു എയർ ഗൺ, വടിവാൾ, 6000 രൂപ എന്നിവയാണ് പിടിച്ചെടുത്തത്. വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ മാത്രം ഇയാളുടെ പേരിൽ 4 കേസുകൾ ഉണ്ട്.
നെടുമങ്ങാട് എക്സൈസ് സിഐ ബി.ആർ.സ്വരൂപ്, പ്രിവന്റീവ് ഓഫിസർമാരായ രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ ഷജീം, സജി, രാജേഷ് കുമാർ, മുനീർ, വനിത സിവിൽ എക്സൈസ് ഓഫിസർ രജിത എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.