Search
Close this search box.

ജീവിതം പങ്കിടുന്ന പുസ്തകങ്ങൾ – രാധാകൃഷ്ണൻ കുന്നുംപുറം

eiLA5PA19019

ലോക പുസ്തകദിനത്തിൽ പുസ്തകങ്ങളെകുറിച്ചോർക്കുമ്പോൾ എബ്രഹാംലിങ്കന്റെ വാക്കുകൾ ഓർമ്മയിലെത്തുന്നു.”ഞാൻവായിച്ചിട്ടില്ലാത്ത ഒരു പുസ്തകം എനിക്കു നൽകുന്നയാളാണ് എന്റെ യഥാർത്ഥ സ്നേഹിതൻ”. ദുരിതവും ദാരിദ്രവും തുടർച്ചയായി പിൻതുടർന്ന ജീവിതത്തിൽ പുസ്തകത്തിൽ അഭയം പ്രാപിച്ച ഒരു കുട്ടിക്ക്, പുസ്തകം ആത്മവിശ്വാസം വളർത്തിയ ഒരു യുവാവിന്, പുസ്തക വായനയിലെ അറിവുകളാൽ രാജ്യം നയിച്ച ഒരു ഭരണാധികാരിക്ക് പുസ്തകം വച്ചു നീട്ടുന്ന ഏതൊരാളും ആത്മ മിത്രം തന്നെ. ചില ജീവിതങ്ങൾ ത് പുസ്തകങ്ങൾക്കുള്ളിലെ അക്ഷരങ്ങൾ ആത്മാവിന്റെ ഭാഗമാണല്ലോ ? ഈ തിരിച്ചറിവുകളുടെ അടിസ്ഥാനത്തിലാകാം 1995 ൽ യുനസ്കോ ഏപ്രിൽ 23 ലോകപുസ്തകദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഈ ദിനം സ്പെയിൻകാർക്ക് പ്രിയപ്പെട്ട സെർവാന്റസിന്റെയും ലോക നാടകാചാര്യനായ ഷേക്സ്പിയറുടെയും ഓർമ്മദിനമാണെന്നത് അഭിമാനകരമാണ്.

പുസ്തകം എന്താണ് ഒരാൾക്ക് പകർന്നു നൽകുന്നത് ? ജീവിതത്തിന്റെ വഴികളിൽ ഇടറാതെ മുന്നോട്ടു നടക്കാൻ ഏതൊരു അനാഥനും പുസ്തകം കൂട്ടു നടക്കുന്നു. ഏകാകിയുംഉറ്റവരാൽഉപേക്ഷിക്കപ്പെട്ടവനും പുസ്തകം കൂട്ടിരിക്കുന്നു. കഥപറഞ്ഞും കലഹിച്ചും എഴുതിയും വെട്ടിതിരുത്തിയും ഏകാന്തതകളിൽ അവന്റെ ജീവിത പങ്കാളിയാകുന്നു. പലപ്പോഴും അകലങ്ങളിലെ അറിയപ്പെടാത്ത ഒരാൾ പണിതീർത്ത അൽഭുതലോകങ്ങളിലേക്ക് പുസ്തകങ്ങൾനമ്മെകൂട്ടിക്കൊണ്ടുപോകുന്നു. പറഞ്ഞു തീരാത്ത കഥക്കൂടുകൾ ചേർത്ത് വച്ച് പുസ്തകം ഏതൊരാളെയും മാടി വിളിക്കുന്നു.

മനുഷ്യചരിത്രത്തിൽ പുസ്തകങ്ങൾ നൽകിയ സംഭാവനകൾ വിവരിച്ചു തീർക്കാവുന്നതിനപ്പുറമാണെന്ന് നമുക്കറിയാം. ഇതുവരെ സമൂഹം നേടിയ എല്ലാനേട്ടങ്ങൾക്കു പിന്നിലും പുസ്തകങ്ങളുണ്ട്. ഇന്നലകളിൽ മാനവരാശി അനുഭവിച്ച ദുരന്തങ്ങളെ ലോകത്തിനു മുന്നിൽ പുസ്തകങ്ങളാണ് തുറന്നു കാട്ടിയത്. ഹാരിയസ്റ്റ് ബീച്ചർസ്തോവിന്റെ ” അങ്കിൾടോംസ് ക്യാബിൻ ” രചിക്കപ്പെട്ടില്ലായിരുന്നെങ്കിൽ അടിമത്തത്തിന്റെ ഭീകരത ലോകം അനുഭവിച്ചറിയില്ലായിരുന്നു.
“പാവങ്ങളി”ലൂടെ വിക്ടർഹ്യൂഗോയും ടോൾസ്റ്റോയിയും ” മേഘസന്ദേശ”ത്തിലൂടെ കാളിദാസനും “കാബുളിവാല” യിലൂടെ മഹാകവി രവീന്ദ്രനാഥ ടാഗൂറും പങ്കുവച്ച മനുഷ്യസ്നേഹ മഹത്ത്വം ലോകത്തിന് കൈമാറിയത് പുസ്തകങ്ങൾ തന്നെ. മനുഷ്യന്റെ കീഴടങ്ങാനാകാത്ത പോരാട്ട ശക്തി അടയാളപ്പെടുത്തിയ മാക്സിം ഗോർക്കിയും ഹെമിംഗ്‌വേയും ജീവിത സമസ്യകൾ വരച്ചിട്ട
ഡോസ്റ്റോവിസ്ക്കിയും സോമർസെറ്റ് മോമും ഹെർമ്മൻഹെസേയും അടക്കം ആ പട്ടിക അനന്തമായി നീളുന്നു. ജീവിതം എന്നാൽ എന്താണെന്നും അതിന്റെ വലിപ്പവും ഒപ്പം ക്ഷണികതയും നമ്മുടെ ചിന്തകളെ തൊടുണർത്താൻ പുസ്തകങ്ങളോളം കരുത്തുറ്റ ശക്തി മറ്റൊന്നിനുമില്ലെന്ന് കാലം ഓർമ്മപ്പെടുത്തുന്നു.

ഇന്ത്യയിൽപുസ്തകങ്ങൾ സവിശേഷമായ ഒട്ടേറെ കടമകളെ നിർവ്വഹിച്ചു. ബ്രിട്ടീഷ് അടിമത്ത്വത്തിനെതിരായ പോരാട്ടങ്ങളിലും തുടർന്ന് നവഭാരത സൃഷ്ടിയിലും പുസ്തകങ്ങളുടെ സ്ഥാനം അവഗണിക്കാനാകില്ല. സ്വാതന്ത്ര്യ സമരാങ്കണങ്ങളിൽ പ്രേംചന്ദും മുൽക്ക് രാജ് ആനന്ദും കവികളായ സുബ്രഹ്മണ്യഭാരതിയും വള്ളത്തോളും അടക്കം ഒട്ടേറെ എഴുത്തുകാർ പുസ്തകങ്ങിലൂടെ പകർന്ന ഊർജ്ജം ചെറുതല്ല.ജവഹർലാൽ നെഹറുവും ഡോക്ടർ എസ്. രാധാകൃഷ്ണനും രാജാജിയും അടക്കം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നൽകിയ സംഭാവനകൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നു.അവർ രചിച്ച പുസ്തകങ്ങൾ പലതും ഇന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്.

ലോകചരിത്രത്തിൽ ശാസ്ത്ര ബോധത്തിലും പുരോഗമന ചിന്തയിലും മാനവികതയിലും മാനവരാശി നേടിയ നേട്ടങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടുകൾ കടപ്പെട്ടിരിക്കുന്നത് പുസ്തകങ്ങളോടാണ്. പുതിയകാലം അറിവിന്റെ പുതിയ ലോകങ്ങൾ തുറന്നിടുന്നു. എന്നാലപ്പോഴും മാറുന്ന കാലത്തിനൊപ്പം പുസ്തകങ്ങളും പുതിയമുഖം സ്വീകരിക്കുന്നു. നന്മയുടെയും സ്നേഹത്തിന്റെയും കഥകൾ പറഞ്ഞു തരികയും തിന്മയുടെയും ചതിയുടെയും മുഖങ്ങൾ കാട്ടിത്തരികയും ചെയ്ത് മനുഷ്യ സമൂഹത്തോട് ജീവിതമെന്ന സത്യത്തെ കുറിച്ച് പുസ്തകങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!