വിതുര: എട്ട് മാസം ഗർഭിണിയായ യുവതിയുടെ കണ്ണിൽ മുളക് പൊടി വിതറിയശേഷം മൂന്നര പവന്റെ താലി മാല പൊട്ടിച്ചെടുത്ത മൂന്ന് പേരെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. തൊളിക്കോട് അടപ്പുപാറ തോട്ടരികത്ത് വീട്ടിൽ എസ്. സിത്തു (21), പരപ്പാറ നീലഗിരി വീട്ടിൽ എസ്. ചിഞ്ചു എന്നു വിളിക്കുന്ന മിഥുൻ എസ്. നായർ (21),പരപ്പാറ തടത്തരികത്ത് വീട്ടിൽ എം. ഉമ്മർഫറൂക്ക് (21) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഒന്നാം തീയതി ഉച്ചയ്ക്ക് വിതുര- പേപ്പാറ റൂട്ടിൽ കുട്ടപ്പാറയ്ക്ക് സമീപമാണ് സംഭവം. തൊളിക്കോട് പരപ്പാറ മാങ്കാട് തടത്തരികത്ത് വീട്ടിൽ ശ്രുതി (26) യുടെ മാലയാണ് നഷ്ടപ്പെട്ടത്. ബൈക്കിൽ മുഖം മൂടി ധരിച്ച് എത്തിയ രണ്ട് യുവാക്കളാണ് സുധിയുടെ മാല പട്ടാപ്പകൽ പൊട്ടിച്ചെടുത്തത്. സുധിയും കൂട്ടുകാരി മോളിയുമാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്കിന് നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു. വിജനമായ വനമേഖലയിൽ വച്ചാണ് സംഭവം. വിതുര മേഖലയിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചും, വീട്ടമ്മയെ വിശദമായി ചോദ്യം ചെയ്തും, ഫോൺ കോൾ ഡീറ്റെയിൽസും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കിയത്. പ്രതികളിൽ ഫറൂക്കിനും മിഥുനിനും വീട്ടമ്മയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും, സംഭവദിവസം വീട്ടമ്മയെ പണം നൽകാമെന്ന് പറഞ്ഞ് പേപ്പാറയിൽ വിളിച്ചുവരുത്തിയെന്നും പൊലീസ് പറഞ്ഞു. വീട്ടമ്മയും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയും പേപ്പാറയിൽ എത്തിയപ്പോൾ വിജനമായ വനമേഖലയിൽ എത്തിച്ച് കണ്ണിൽ മുളക് പൊടി വിതറിയ ശേഷം കടന്നുകളയുകയായിരുന്നു. വിതുര സി.എെ എസ്. ശ്രീജിത്, എസ്.എെ വി. നിജാം, ഗ്രേഡ് എസ്.എെ അബ്ദുൽഖാദർ, എ.എസ്.എെമാരായ രാജൻ, വിനോദ്, സുനിൽ, സീനിയർ സിവിൽ പൊലീസ് ഒാഫീസർ വിജയൻ, സി.പി.ഒ നിതിൻ, സന്തോഷ്, ശ്യാം, ബിജു, സൈനികുമാരി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.