Search
Close this search box.

ബഷീറിന്റെ മാമു, മലയാളികളുടെ പ്രിയപ്പെട്ട മാമുക്കോയ – രാധാകൃഷ്ണൻ കുന്നുംപുറം

eiUED0T14073 (1)

കോഴിക്കോടിന്റെ സമ്പന്നമായ എഴുത്തുപാരാമ്പര്യത്തിനും നാടക സംസ്ക്കാരത്തിനും ഹൃദയത്തിൽ ഇടം നൽകിയ നടനായിരുന്നു മാമുക്കോയ. വൈക്കം മുഹമ്മദ് ബഷീറിനും എസ്.കെ പൊറ്റക്കാടിനും കെ.ടി.മുഹമ്മദിനും തിക്കൊടിയനും വാസു പ്രദീപിനും അദ്ദേഹം പ മാമുവായിരുന്നു. ബഷീറിൽ നിന്നാണ് മാമുക്കോയ അവർക്ക് പ്രിയപ്പെട്ട മാമു ആയത്. ബേപ്പൂരിന്റെ പ്രിയ സുൽത്താനിൽ നിന്നും ഏറെ സ്നേഹലാളനകൾ ലഭിച്ച സാംസ്ക്കാരിക പ്രവർത്തകനായിരുന്നു മാമുക്കോയ.

തടിമില്ലിലെ ജോലിയും നാടക അഭിനയവുമായി നടന്ന മാമുക്കോയ എന്ന ചെറുപ്പക്കാരൻ ഒഴിവുസമയങ്ങളിൽ ബഷീറിനെ സന്ദർശിക്കുക പതിവായിരുന്നു. നാടക പ്രവർത്തകനായ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത സിനിമയിൽ ഒരു വേഷം അഭിനയിച്ച മാമുക്കോയക്ക് കലയോട് പ്രത്യേകിച്ച് , സിനിമയോടുള്ള അഭിനിവേശം ബഷീറിനറിയാമായിരുന്നു. അതുകൊണ്ടാണ് ബഷീറിന്റെ സൗഹൃദക്കൂട്ടായ്മയിലെ പ്രധാനികളിലൊരാളായ ചലച്ചിത്രകലാ സംവിധായകൻ എസ്. കൊന്നനാടിനോട് അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ മാമുക്കോയക്ക് ഒരു വേഷം നൽകാൻ ബഷീർ ആവശ്യപ്പെട്ടത്. അങ്ങിനെ മാമുക്കോയ എന്ന നാടക നടൻ ഒരിക്കൽ കൂടി സിനിമയിലേക്ക് നടന്നുകയറി. അവിടുന്നങ്ങോട്ട് ഇന്നു നാം കാണുന്ന മാമുക്കോയയിലേക്ക് വളർന്ന് വലുതായി. വൈക്കം മുഹമ്മദ് ബഷീർ തനിക്ക് സിനിമയിൽ ശ്രദ്ധേയമായ ഒരവസരം വാങ്ങിത്തന്നുവെന്ന പല അഭിമുഖങ്ങളിൽ മാമുക്കോയ ആവർത്തിച്ചു പറയാറുണ്ട്. ബഷീറെന്ന ഗുരുവിന്റെ അനുഗ്രങ്ങളെ എന്നും അത്രമേൽ ആദരവോടെ അദ്ദേഹം സ്മരിച്ചിരുന്നു.

സാമൂഹത്തിന്റെ ചലനങ്ങളെ ശ്രദ്ധയോടെ വീക്ഷിച്ച ഒരു നടനായിരുന്നു മാമുക്കോയ. സമൂഹത്തിന്റെ പ്രയാണം മുന്നോട്ടാകണമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനുദാഹരണമായി പലപ്പോഴും അദ്ദേഹം കെ.ടി.മുഹമ്മദിന്റെ ഒരു വാചകം ഓർമ്മപ്പെടുത്തിയിരുന്നു. “മനുഷ്യസമൂഹം മുന്നോട്ടു യാത്ര ചെയ്യുന്ന ഒരു വാഹനമാണ്. മതം ഒരിക്കലും ഒരു സഡൻ ബ്രേക്ക് ആകരുത്.” മലബാറിന്റെ സാംസ്ക്കാരിക നായകരിൽ ഒരാളായിരുന്ന കെ.ടി.യുടെ ഈ വാക്കുകളിലൂടെ സമൂഹ മാറ്റത്തിന്റെ ആവശ്യകത ഈ നടൻ സംഭാഷണങ്ങിൽ ചൂണ്ടിക്കാട്ടുകയായിരുന്നു.

മലബാറിന്റെ സാധാരണ മനുഷ്യചലന
വിശേഷങ്ങളെയാണ് മാമുക്കോയ നമുക്ക് പകർന്നു നൽകിയത്. നിഷ്കളങ്കവും ഹാസ്യാത്മകവുമായ ജീവിത സന്ദർഭങ്ങൾ പിന്നിട്ട ഒട്ടനവധി കഥാപാത്രങ്ങളെ അദ്ദേഹം അതിഭാവുകത്ത്വമില്ലാതെ അവതരിപ്പിച്ചു. അതിന് അരങ്ങും അവിടുത്തെ ആചാര്യന്മാരിൽ നിന്നു ലഭിച്ചഅറിവുകൾ തന്നെ സഹായിച്ചിട്ടുണ്ടെന്ന് മാമുക്കോയ ചൂണ്ടിക്കാണിക്കാറുണ്ടായിരുന്നു.

“സിനിമയിൽ മാമൂക്കോയയുടെ കഥാപാത്രത്തെ കാണുമ്പോൾ നമ്മുടെ ചുറ്റുവട്ടത്തെ പലരെയും നമുക്ക് ഓർമ്മ വരുന്നു. മാമുക്കോയയുടെ കഥാപാത്രങ്ങളെ കാണുപ്പോൾ തനിക്ക് പ്രിയപ്പെട്ട ഒരാളെ കാണുന്നതായി തോന്നാറുണ്ടെ”ന്ന് കഥയുടെ കുലപതി ടി.പത്മനാഭൻ പറയാറുണ്ട്.ഒരു കാലത്തും മലയാളി മറക്കാത്ത ഗഫൂർക്കാ ദോസ്തടക്കം തനിക്കു ലഭിച്ച എല്ലാ കഥാപാത്രങ്ങൾക്കും അദ്ദേഹം തന്റേതായ ഒരഭിനയ അംശം പകർന്നു നൽകി.

അടക്കമുള്ള ഒരു അഭിനയരീതി എന്നും അദ്ദേഹത്തിനുണ്ടായിരുന്നു. “എനിക്ക് സിനിമ എടുക്കുവാൻ സൂപ്പർ സ്റ്റാറുകളെ നിർബന്ധമില്ല. പക്ഷേ ഇന്നസന്റും മാമുക്കോയയും ഒടുവിൽ ഉണ്ണികൃഷ്ണനും ഇല്ലാതെ എനിക്ക് സിനിമ എടുക്കാൻ പ്രയാസമാണ് ” സത്യൻ അന്തിക്കാട് ഒരിക്കൽപറഞ്ഞ ഈ വാക്കുകൾ മാമുക്കോയ എന്ന സ്വാഭാവിക നടനുള്ള അംഗീകാരമാണ്. ഇങ്ങനെ ഒട്ടേറെ സവിശേഷതകളാൽ മലയാള മനസ്സിലിടം നേടിയ ഒരു സിനിമാ നടൻ കൂടി വിട പറയുന്നു.

ഒരിക്കൽ മാത്രം ഞാൻ നേരി കണ്ടിട്ടുള്ള അദ്ദേഹത്തോട്” ഒരുനാടകപ്രവർത്തകനാണ് ” എന്നു പറഞ്ഞ് പരിചയപ്പെട്ടപ്പോൾ ചിരിച്ചു കൊണ്ടദ്ദേഹം പറത്തത് ” ഞാനും ഒരു നാടക പ്രവർത്തകനാണെ” ന്നായിരുന്നു. കോഴിക്കോടിന്റെ പ്രഫുല്ലമായ നാടകകാലത്തെ എന്നും അഭിമാനത്തോടെ മാത്രം ഓർത്തെടുത്തു സംസാരിക്കാറുള്ള ഒരു അതുല്യ നടൻകൂടി ജീവിതത്തിന്റെ അരങ്ങിൽ നിന്നും മറയുന്നു. ചിരിപ്പിച്ചതിനും ചിന്തിപ്പിക്കുന്ന അഭിമുഖങ്ങൾ പങ്കിട്ടതിനും മലയാളി എന്നും അങ്ങയെ നന്ദിയോടെ ഓർക്കും. വിട.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!