വർക്കലയിൽ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു കടന്നു

eiFO5RW20973

വർക്കല :വർക്കലയിൽ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു കടന്നു. വർക്കല കരുനിലക്കോട് സ്വദേശിനി റീജു ഗിരീഷിന്റെ താലി മാലയാണ് കവർന്നത്.

ഞായറാഴ്ച (ഏപ്രിൽ 30) രാത്രി 8.45 ഓടെ വർക്കല തിരുവമ്പാടി ബ്ലാക്ക്‌ ബീച്ച് റോഡിൽ സ്വകാര്യ റിസോർട്ടിന്റെ ഗേറ്റിന് സമീപമാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗസംഘം യുവതിയുടെ നാല് പവന്റെ മാല പൊട്ടിച്ചു കടന്ന് കളഞ്ഞതായാണ് പരാതി.

യുവതി ബ്ലാക്ക്‌ ബീച്ചിന് സമീപം രാജാസ് സ്റ്റോർ എന്ന കട കഴിഞ്ഞ നാല് മാസമായി നടത്തി വരികയാണ് . രാത്രിയിൽ കട അടച്ച് വീട്ടിലേക്ക് സ്കൂട്ടിയിൽ മടങ്ങവെയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ഇവരുടെ മാല കവർന്നത്. കടയിൽ നിന്നും ഏകദേശം 150 മീറ്റർ ദൂരത്താണ് സംഭവം. എതിർദിശയിൽ വന്ന യുവാക്കൾ യുവതി സ്കൂട്ടിയിൽ പോകുന്നത് കണ്ട് പിറകെ വന്നാണ് മാല പൊട്ടിച്ചത്. മാല പിടിച്ചു പൊട്ടിക്കുന്നതിനിടയിൽ യുവതിയുടെ കഴുത്തിന് മുറിവ് സംഭവിച്ചിട്ടുണ്ട്. യുവതി ബഹളം വയ്ക്കുകയും നാട്ടുകാർ ഓടിക്കൂടുകയും ചെയ്‌തെങ്കിലും സംഘം കടന്ന് കളഞ്ഞു. നാട്ടുകാരിൽ ചിലർ ബൈക്കിനെ പിന്തുടർന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വിവരമറിഞ്ഞു വർക്കല പോലീസ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞില്ല.

സംഭവത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുത്തിട്ടുണ്ട്. പ്രദ്ദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആണ് അന്വേഷണം മുന്നോട്ട് പോകുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജിതമാക്കി എന്നുമാണ് വർക്കല പോലീസിൽ നിന്നും ലഭിക്കുന്ന പ്രതികരണം.

ആഭ്യന്തര ടൂറിസ്റ്റുകളും വിദേശികളും ഉൾപ്പെടെ നിരവധി പേരാണ് ദിനവും ഈ പ്രദേശത്ത് എത്തുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങൾ വർക്കലയിലെ ടൂറിസം മേഖലയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. സുരക്ഷ മുൻനിർത്തി പ്രദേശത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കണം എന്ന ആവശ്യവും പ്രദേശവാസികളിൽ നിന്നും ഉയരുന്നുണ്ട്.

Image only for representation purpose

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!