വേങ്കവിളയെ ഫിറ്റ് ആക്കാൻ ഓപ്പൺ ജിം

IMG-20230503-WA0023

പ്രഭാതനടത്തം മാത്രമായി ഒതുങ്ങുന്ന നാട്ടിൻപുറങ്ങളിലെ ആരോഗ്യപരിപാലനത്തിന് പുതിയ ശീലങ്ങളെ പരിചയപ്പെടുത്തുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. നഗരപ്രദേശങ്ങളിൽ വ്യാപകമാകുന്ന ഫിറ്റ്നെസ് സെന്റർ ആശയത്തെ ഗ്രാമീണമേഖലയിലെ സാധാരണക്കാർക്കുകൂടി പ്രാപ്യമാക്കുകയാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വേങ്കവിള ഡിവിഷൻ. ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന ഇക്കാലത്ത് ആരോഗ്യപരിപാലനത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ, പഞ്ചായത്ത് തലങ്ങളിൽ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ആരോഗ്യപൂർണമായ സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ, ആരോഗ്യപരിപാലനം പ്രദേശത്തെ എല്ലാവർക്കും സാധ്യമാക്കുന്ന ഓപ്പൺ ജിം വേങ്കവിളയിൽ തുറക്കാനെരുങ്ങുകയാണ്.

2022-2023 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുമാസം മുൻപാണ് ഓപ്പൺ ജിമ്മിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 14 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഓപ്പൺ ജിം ഇപ്പോൾ പൊതുജനങ്ങൾക്കായി സജ്ജമായിരിക്കുകയാണ്. 15 മുതൽ 60 വയസുവരെയുള്ളവർക്ക് ഇവിടെ പ്രവേശനമുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ ആർക്കും ജിം ഉപയോഗിക്കാം. രജിസ്ട്രേഷനായി നൽകേണ്ടുന്ന തുച്ഛമായ തുകയല്ലാതെ മറ്റൊരുതരത്തിലുള്ള ഫീസും ബ്ലോക്ക് പഞ്ചായത്ത് ഈടാക്കുന്നില്ല.

വ്യായാമങ്ങൾക്കുള്ള ഉപകരണങ്ങൾക്കൊപ്പം പ്രഭാതനടത്തത്തിനായുള്ള സൗകര്യവും ഓപ്പൺ ജിമ്മിൽ ഒരുക്കിയിട്ടുണ്ട്. ഓപ്പൺ ജിം തുറക്കുന്നതിനു മുന്നോടിയായി പ്രദേശവാസികൾക്കായി ഇതിന്റെ ഉപയോഗം സംബന്ധിച്ച ബോധവത്കരണവും ബ്ലോക്ക് പഞ്ചായത്ത് നടത്തിവരുന്നു. മെയ് രണ്ടാംവാരത്തോടെ ജിം പൊതുജനങ്ങൾക്കായി തുറന്നു നൽകും. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും ആനാട് ഗ്രാമപഞ്ചായത്തിന്റെയും മികച്ച പിന്തുണയാണ് വേങ്കവിള ഡിവിഷനിൽ ഓപ്പൺ ജിം യാഥാർത്ഥ്യമാക്കുന്നതിനായി ലഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!