തിരുവനന്തപുരം : “മാനവിക ദർശനമാണ് തന്റെ കൃതികളിലൂടെ ആശാൻ അവതരിപ്പിച്ചതെന്ന്” പ്രശസ്ത എഴുത്തുകാരനും ദാർശനിക പ്രഭാഷകനുമായ ബി. ആർ. രാജേഷ് അഭിപ്രായപ്പെട്ടു. ആശാൻ അക്കാഡമി യുടെ ആഭിമുഖ്യത്തിൽ കനകക്കുന്ന് ശ്രീനാരായണഗുരു വിശ്വസംസ്കാര ഭവനിൽ സംഘടിപ്പിച്ച കുമാരനാശാൻ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന “ആശാൻ കൃതികളിലെ ദാർശനികത” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശൃംഗാര കവിതകൾ എഴുതരു തെന്ന ശ്രീനാരായണ ഗുരുവിന്റെ ഉപദേശത്തിന്റെ കാതൽ ഉൾക്കൊണ്ടാണ് ആശാൻ തന്റെ കവിതകളിലെ ദർശനം മാനവികതയിലേക്ക് തിരിച്ചു വിട്ടത്. വീണപൂവ് മനുഷ്യ ജീവിതത്തിന്റെ അലിഗറിയായി നിലകൊള്ളുമ്പോൾ നളിനിയും ലീലയും ചണ്ഡാലഭിക്ഷുകിയും കരുണയും വിശ്വമാനവികതയുടെ കെടാവിളക്കുകളുമായി തെളിഞ്ഞു നിൽക്കുന്നു. വിശ്വപ്രേമം എന്നത് മനുഷ്യനിലൂടെ പ്രകൃതിയിൽ ആവിഷ്കരിക്കപ്പെടണമെന്ന് ആശാൻ കവിതകളിലൂടെ ഉദ്ബോധിപ്പിക്കുന്നു. അതേസമയം മാനവിക മൂല്യങ്ങൾക്ക് വേണ്ടിയുള്ള കലാപങ്ങളാണ് ചിന്താവിഷ്ടയായ സീതയിലും ദുരവസ്ഥയിലും കാണാൻ കഴിയുക. ഇന്നത്തെ ഡിജിറ്റൽ ലോകത്തിൽ ആശാൻ തന്റെ കവിതകളിലൂടെ മുന്നോട്ടു വച്ച വിശ്വപ്രേമത്തിൽ അധിഷ്ഠിതമായ മാനവികദർശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ബി.ആർ.രാജേഷ് കൂട്ടിച്ചേർത്തു.