വർക്കല:ചെറുന്നിയൂർ ഗവണ്മെന്റ് ഹൈ സ്കൂളിലെ ഓഡിറ്റോറിയം നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ചെറുന്നിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളിന് മുന്നിൽ ധർണ്ണ നടത്തി.
അംഗീകൃത പ്ലാനിനും എസ്ടിമേറ്റിനും വിരുദ്ധമായി ഓഡിറ്റോറിയം നിർമാണം പകുതി നടത്തിയതിനു പിന്നിൽ വൻ അഴിമതിയാണ് നടന്നതെന്നും കോൺഗ്രസ് ആരോപിച്ചു. നിർമാണ ജോലികൾ നാട്ടുകാർ തടഞ്ഞതോടെ പണികൾ നിർത്തി വച്ചിരിക്കുകയാണ്. നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു അധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടും ഇത് വരെയും യാതൊരു നടപടികളും ഉണ്ടായില്ല. അടുത്ത അധ്യയന വർഷം തുടങ്ങാറായിട്ടും നിർമ്മാണ പ്രവർത്തനങ്ങളുമായി ഒരു നടപടിയും അധികൃതർ സ്വീകരിക്കാതിരുന്നാൽ അത് വിദ്യാർഥികൾക്കും സ്കൂളിന്റെ ഭാവിക്കും ഏറെ ദോഷകരമാകുമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.
ചെറുന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികല ധർണ്ണ ഉദ്ടഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഡി. സി. സി. മെമ്പർ എം. ജഹാംഗീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. തൻസിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് രാമൻ,മെമ്പർ ഷേർലി ജെറോൺ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായ എ. നാസറുള്ള,കെ. രാജേന്ദ്ര ബാബു,എഡ്മൻഡ് പെരേര,ശരത് ചന്ദ്രൻ, പാലച്ചിറ സൈഫ്, ഷിഹാബുദീൻ, സുദർശനൻ തുടങ്ങിയവർ നേതൃത്വം നൽകി.
വർക്കല കഹാർ എം. എൽ. എ. ആയിരിക്കുമ്പോൾ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ നിർമിച്ച ഓഡിറ്റോറിയം പൊളിച്ചു നീക്കിയാണ് പുതിയ ഓഡിറ്റോറിയം നിർമാണം ആരംഭിച്ചത്. നബാർഡിന്റെ സഹായത്തോടെയുള്ള രണ്ട് കോടി രൂപ ചിലവിട്ടാണ് ഓഡിറ്റോറിയം നിർമ്മിക്കുവാൻ തീരുമാനിച്ചത്. പല കാരണങ്ങളാൽ നിർമ്മാണ ജോലികൾ വർഷങ്ങൾ വൈകി. ഒടുവിൽ നിർമ്മാണ ജോലികൾ പാതി വഴിയിലെത്തിയപ്പോൾ നിർമ്മാണം പ്ലാനിനും എസ്റ്റിമേറ്റിനും വിരുദ്ധമായാണ് നടന്നു വരുന്നതെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പണികൾ തടയുകയും ചെയ്തിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ എം. എൽ. എ. യും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു നാട്ടുകാരുമായും സംസാരിച്ചെങ്കിലും ഒരു പരിഹാരവുമുണ്ടായില്ലെന്നാണ് ആരോപണം.
മൂന്ന് ക്ലാസ്സ് മുറികളും, പാചകപ്പുരയും, ഡൈനിംഗ് ഹാളും ശുചി മുറികളും, സ്റ്റയർ കേസും ഉൾപ്പെടുയുള്ള കോംപ്ലക്സ് കെട്ടിടമാണ് ഓഡിറ്റോറിയത്തിനായി തയ്യാറാക്കിയ പ്ലാനിലും എസ്മേറ്റിലുമുള്ളത്. ഇതിൽ പലതും ഒഴിവാക്കിയാണ് ഇപ്പോൾ നിർമ്മാണം നടത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം. കോൺക്രീറ്റ് പണികൾ പൂർത്തിയാക്കിയ സ്റ്റേജിന് നിയമ പരമായ പൊക്കമില്ലാത്തതു കൊണ്ട് ഇതിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്നും പരാതികളിൽ പറഞ്ഞിട്ടുണ്ട്. പില്ലറുകളും ബീമുകളും വളരെ ഘനം കുറച്ചാണ് ചെയ്തിരിക്കുന്നതെന്നും ആരോപണമുണ്ട്.
പ്ലാനിലും എസ്റ്റിമേറ്റിലും പറഞ്ഞിരിക്കുന്നത് പോലെ നിർമ്മാണ ജോലികൾ അടിയന്തിരമായി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും നടന്ന അഴിമതികളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. ഓമനക്കുട്ടൻ ആവശ്യപ്പെട്ടു .