വെമ്പായം സ്വദേശികളായ ശ്രീകലയുടെയും ഭര്‍ത്താവ് രാജേന്ദ്രന്റെയും 9 വര്‍ഷത്തെ നീതിക്കായുള്ള പോരാട്ടത്തിന് അവസാനമാവുകയാണ് നെടുമങ്ങാട് താലൂക്ക്തല അദാലത്തിലൂടെ. തങ്ങളുടെ വസ്തുവിലേക് അനധികൃതമായി റോഡിലെ മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് പരാതികളും ഉത്തരവുകളും പലതവണ നല്‍കിയെങ്കിലും പരിഹാരമായില്ല. 2014ലാണ് വെമ്പായം പഞ്ചായത്തില്‍ ഇതു സംബന്ധിച്ച പരാതി സമര്‍പ്പിച്ചിരുന്നത്.തുടര്‍ന്ന് 2016 ല്‍ ഓംബുഡ്‌സ്മാന്റെയും 2018ല്‍ കേരള ഹൈക്കോടതിയുടെയും നിലവില്‍ മലിന ജലം ഒഴുകുന്ന ഭാഗത്ത് ഓട കെട്ടിക്കൊടുക്കണമെന്ന അനുകൂല വിധി ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാൽ നടപ്പായില്ല. ഹൈക്കോടതി വിധിപ്രകാരം മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രീകലയ്ക്കും രാജേന്ദ്രനും തങ്ങളുടെ വസ്തുവില്‍ ഓട നിര്‍മ്മിച്ചു നല്‍കാന്‍ 15 ലക്ഷം രൂപ അനുവദിച്ചു ഉത്തരവായെങ്കിലും, ഓട കെട്ടാന്‍ ചെലവ് അധികമാവുമെന്നും സ്വകാര്യ വസ്തുവില്‍ ആണ് നിര്‍മിക്കേണ്ടതെന്നതും പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കി. കരുതലും കൈത്താങ്ങും അദാലത്തിൽ ദമ്പതികള്‍ എത്തിയത് വലിയ പ്രതീക്ഷയോടെയാണ്. പരാതി നേരില്‍ കേട്ട് മനസ്സിലാക്കിയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് പ്രശ്നം പരിഹരിക്കാനും എത്രയും പെട്ടെന്ന് ഓട നിർമിക്കാനും നിർദേശം നൽകി.നീതി ഉറപ്പായ ആശ്വാസത്തിലാണ് ശ്രീകലയും രാജേന്ദ്രനും അദാലത്ത് വേദിയില്‍ നിന്ന് മടങ്ങിയത്.