Search
Close this search box.

ചിറയിൻകീഴ്, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തീരദേശ റോഡുകൾ മന്ത്രി ഉദ്ഘാടനം ചെയ്തു

IMG-20230513-WA0062

തീരദേശമേഖലയുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന തീരദേശറോഡുകളുടെ പുനരുദ്ധാരണ-നവീകരണ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഒൻപത് തീരദേശറോഡുകളുടെ പൂർത്തീകരണോദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന സംസ്ഥാനത്ത് 9 തീരദേശ ജില്ലകളിലെ 37 നിയോജക മണ്ഡലങ്ങളിലായി നിർമാണം പൂർത്തിയാക്കിയ 75 റോഡുകളാണ് നാടിന് സമർപ്പിച്ചത്. ചിറയിൻകീഴ് മണ്ഡലത്തിൽ ഏഴും ആറ്റിങ്ങൽ മണ്ഡലത്തിൽ രണ്ടും റോഡുകളാണ് ഉദ്ഘാടനം ചെയ്തത്.

മാറ്റങ്ങളുടെയും വികസനക്ഷേമ പ്രവർത്തനങ്ങളുടെയും വേലിയേറ്റമാണ് തീരദേശമേഖലയിൽ ഈ സർക്കാരിന്റെ കാലത്ത് പ്രകടമാകുന്നതെന്ന് ഉദ്ഘാടനവേളയിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു. തീരദേശമേഖലയുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിട്ട്, മത്സ്യത്തൊഴിലാളികളെ ചേർത്ത് നിർത്തി ജാഗ്രതയോടുകൂടിയ പ്രവർത്തനമാണ് സർക്കാർ നടപ്പാക്കുന്നത്. 142.75 കോടി രൂപ ചെലവഴിച്ച് 307 റോഡുകൾ ഈ സർക്കാരിന്റെ കാലത്ത് തീരദേശമേഖലയിൽ നിർമിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. 100 റോഡുകൾ നിലവിൽ പൂർത്തീകരിച്ചു. 104 റോഡുകൾ നിർമാണ പുരോഗതിയിലാണെന്നും ബാക്കിയുള്ളവ ടെൻഡർ നടപടികളിലാണെന്നും മന്ത്രി അറിയിച്ചു. 47.37 കോടിരൂപ ചെലവഴിച്ചാണ് 75 റോഡുകൾ പൂർത്തിയാക്കിയത്.

പുനർഗേഹം പദ്ധതി, ആഴക്കടൽ മത്സ്യബന്ധനം, ഇൻഷുറൻസ് പരിരക്ഷ, ഹാർബർ പരിപാലനം തുടങ്ങി മത്സ്യത്തൊഴിലാളികളുടെയും തീരദേശമേഖലയുടെയും സമഗ്രവികസം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടനിലക്കാരുടെ ചൂഷണങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിനായി മത്സ്യസംഭരണവും വിപണനവും ഗുണനിലവാരപരിപാലനവും നിയമം വേഗം നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചിറയിൻകീഴ് മണ്ഡലത്തിലെ ചിറയിൻകീഴ്, അഴൂർ, കടയ്ക്കാവൂർ, കഠിനംകുളം പഞ്ചായത്തുകളിലായി 300 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഏഴ് റോഡുകളാണ് നിർമിച്ചത്. അഴൂർ മാർക്കറ്റ് കോലിച്ചിറ റോഡ്,കാവിന്റെ മൂല ചന്ദിരം റോഡ്,കഠിനം കുളം വാടിയിൽ റോഡ്,അഴൂർ തിട്ടയിൽ റോഡ്,സെന്റ് ജെയിംസ് തെക്കെവിള റോഡ്,മാറ്റത്തുമുക്ക് ആയിക്കുട്ടി റോഡ്,ശാന്തിപുരം മര്യനാട് റോഡ് എന്നീ തീരദേശറോഡുകളാണ് നിർമാണം പൂർത്തിയാക്കിയത്.

ആറ്റിങ്ങൽ മണ്ഡലത്തിൽ ഒറ്റൂർ പഞ്ചായത്തിലെ കൂട്ടിക്കട- കാഞ്ഞിരംവിള റോഡും ചെറുന്നിയൂർ പഞ്ചായത്തിലെ കുമളി വിളകുന്ന്-ബംഗ്ലാവ് കോളനി റോഡുമാണ് പദ്ധതിയുടെ ഭാഗമായി നിർമിച്ചത്. കൂട്ടിക്കട- കാഞ്ഞിരംവിള റോഡിനായി 36.40 ലക്ഷം രൂപയും കുമളി വിളകുന്ന്-ബംഗ്ലാവ് കോളനി റോഡിനായി 29.30 ലക്ഷം രൂപയും ചെലവഴിച്ചു.

ചിറയിൻകീഴ് മുസ്ലിയാർ കോളേജ് ഓഫ് എൻജിനീയറിംഗിൽ നടന്ന പരിപാടിയിൽ വി.ശശി എം.എൽഎയും ഒറ്റൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഒ.എസ് അംബിക എം.എൽ.എയും അധ്യക്ഷന്മാരായി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബിന, പഞ്ചായത്തുകളിലെ മറ്റ് ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!