കുവൈത്ത്: പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് കുവൈത്തിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ഖൈറാൻ സിറ്റിയിലെ ഖൈറാൻ ഔട്ട്‌ലെറ്റ് മാളിലെ ഹൈപ്പർമാർക്കറ്റ് കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ. മതാർ ഹമീദ് അൽ നെയാദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസുഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ തംദീൻ ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുൽ വഹാബ് അൽ മർസൂഖ് ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക, ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ, നയതന്ത്ര പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
35,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന കുവൈത്തിലെ പന്ത്രണ്ടാമത്തേതുമായ ഹൈപ്പർമാർക്കറ്റിൽ പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക്, ഭക്ഷ- ഭക്ഷ്യേതര ഇനങ്ങൾ, ആരോഗ്യ സൗന്ദര്യ ഉൽപന്നങ്ങൾ, സമുദ്രവിഭവങ്ങൾ എന്നിവയുടെ വിശാലമായ ശേഖര ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്കായി പ്രത്യേക മേഖലയും ഇവിടെ ഉണ്ട്.
മുപ്പത് ലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഖൈറാൻ ഔട്ട്‌ലെറ്റ് മാൾ, കുവൈത്തിലെ ആദ്യത്തെ ഹൈബ്രിഡ് മാളുകളിൽ ഒന്നാണ്. അതുല്യമായ ഷോപ്പിംഗ്, വിനോദ അനുഭവം മാൾ പ്രദാനം ചെയ്യുന്നു. 3,700 കാറുകൾ പാർക്ക് ചെയ്യാൻ മാളിൽ സൗകര്യമുണ്ട്. ഇരുനൂറിലധികം ഉല്ലാസ ബോട്ടുകൾ ഉൾക്കൊള്ളുന്ന അത്യാധുനികമായ മറീനയും മാളിനോടനുബന്ധിച്ചുണ്ട്.
ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപവാല, എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ, ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു കുവൈത്ത് റീജിയണൽ ഡയറക്ടർ ശ്രീജിത്ത് എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.