പെരുമാതുറ സ്വദേശിനി രഹന റേഷൻ കാർഡ് ഇല്ലാതെ പ്രതിസന്ധിയിലായിരുന്നു. പുറംപോക്ക് ഭൂമിയിലാണ് വീടെന്ന കാരണത്താൽ രഹനയ്ക്ക് കാർഡ് നിഷേധിക്കപ്പെടുകയായിരുന്നു. റേഷൻ കാർഡ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് വൈദ്യുതി കണക്ഷനോ മറ്റ് സർക്കാർ ആനുകൂല്യങ്ങളോ രഹനയ്ക്ക് ലഭിച്ചിരുന്നില്ല. തുടർന്നാണ് താലൂക്ക് അദാലത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ മുന്നിൽ രഹന പരാതിയുമായി എത്തിയത്. രഹനയുടെ പരാതി അനുഭാവപൂർവ്വം പരിഗണിച്ച മന്ത്രി ഉടനടി റേഷൻ കാർഡ് അനുവദിക്കുകയും ചെയ്തു.
ഭിന്നശേഷിക്കാരനായ അഞ്ച് വയസുള്ള തന്റെ മകന്റെ ചികിത്സയ്ക്കും, മൂത്ത മകന്റെ പഠനാവശ്യങ്ങൾക്കും വേണ്ടി മുൻഗണന കാർഡ് വേണമെന്ന് ആവശ്യവുമാണ് കരിച്ചിയിൽ സ്വദേശി നിഷ എത്തിയത്. അമ്മയുടെ കൂടെ എത്തിയ കുഞ്ഞു നീരജിന് മന്ത്രി ജി. ആർ അനിലിനെ കണ്ട കൗതുകവും. കുഞ്ഞിനോട് സുഖവിവരം തിരക്കി കാർഡ് ഉടൻ നൽകാമെന്ന് മന്ത്രിയുടെ ഉറപ്പ്. പരാതി നൽകി മണിക്കൂറുകൾക്കുള്ളിൽ നിഷയുടെ കൈകളിൽ മുൻഗണന കാർഡ് ലഭിച്ചു. മന്ത്രിയിൽ നിന്നും കാർഡ് ഏറ്റുവാങ്ങി നിറ ചിരിയോടെ നിഷയും നീരജും മടങ്ങി.