സർക്കാരിന്റെ ക്ഷേമ പെൻഷനും കൂലിപ്പണിയും മാത്രമാണ് ആലംകോട്, മണ്ണൂർ ഭാഗം സ്വദേശിനി സുരേഖയുടെയും ഭർത്താവ് വിജയകുമാറിന്റെയും ഏക ആശ്രയം. വലിയ ബുദ്ധിമുട്ടുകളില്ലാതെ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് സുരേഖയുടെ ഭർത്താവിന് കുടലിൽ അർബുദം ബാധിക്കുന്നത്. ഇതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലായി. പൊതുവിഭാഗം റേഷൻ കാർഡായതിനാൽ ക്യാൻസർ ചികിത്സയ്ക്കുള്ള പല ആനുകൂല്യങ്ങളും കുടുംബത്തിന് ലഭിയ്ക്കാതായി. ഇതിനിടെ വൃക്ക സംബന്ധമായ അസുഖങ്ങൾ സുരേഖയേയും ബാധിച്ചു. കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് കുടുംബം നീങ്ങിയതോടെ ചികിത്സ തന്നെ മുടങ്ങുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ എത്തി.
ആർ. സി. സി യിൽ ഉൾപ്പടെ ചികിത്സാനുകൂല്യം ലഭിക്കുന്നതിനാണ് മുൻഗണന റേഷൻ കാർഡിന് അപേക്ഷ നൽകി സുരേഖ ഓഫീസുകൾ കയറിയിറങ്ങിയത്. എന്നാൽ റേഷൻ കാർഡ് ലഭിക്കുന്നതിന് കാലതാമസം നേരിട്ടു. തുടർന്ന് കരുതലും കൈത്താങ്ങും അദാലത്തിൽ പരാതി നൽകി, മുൻഗണന കാർഡ് ലഭിക്കുകയും ചെയ്തു.
ഭിന്നശേഷിക്കാരിയായ മകളെയും കൊണ്ട് ഒറ്റക്കുള്ള ജീവിതമാണ് ഇടയ്ക്കാട് ആശാരി വിളാകത്ത് വീട്ടിൽ ബിന്ദുവിന്റേത്. ഭർത്താവ് ഉപേക്ഷിച്ച് പോയ ബിന്ദു തയ്യൽ ജോലികൾ ചെയ്താണ് കുടുംബം പുലർത്തുന്നത്. അദാലത്തിൽ ബിന്ദുവിനും മുൻഗണന റേഷൻ കാർഡ് അനുവദിച്ചു.
ക്യാൻസർ ബാധിതയും രോഗബാധിതനായ ഭർത്താവും രണ്ട് പെൺമക്കളുമുള്ള ആൽത്തറമൂട് പെരുമ്പള്ളി വീട്ടിൽ ജയപ്രഭ, വളരെ കാലമായി ശരീരത്തിന്റെ ഒരു ഭാഗം സ്‌ട്രോക്ക് വന്ന് തളർന്ന് തിരുവനന്തപുരം ശ്രീചിത്രയിൽ തുടർ ചികിത്സയിൽ കഴിയുന്ന ആറ്റിങ്ങൽ വീരളം സ്വദേശി മണിക്കുട്ടൻ എന്നിവർക്കും അദാലത്ത് വേദിയിൽ മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണി രാജുവും മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു.


