ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ഇന്ന് മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിരവധി ഹോട്ടലുകളിൽ നിന്ന് കണ്ടാൽ അറയ്ക്കുന്ന ദുർഗന്ധം വമിക്കുന്ന രീതിയിലുള്ള പഴകിയ ഭക്ഷണങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തു. ഈ പിടിച്ചെടുത്ത ഭക്ഷണങ്ങളുടെ അടുത്ത് ഒരു മിനിറ്റ് പോലും നിൽക്കാൻ കഴിയില്ല. അത്രത്തോളം പഴകി ദുർഗന്ധം വമിക്കുന്ന വിഭവങ്ങളാണ് ചൂടാക്കിയും എരിവും പുളിയും ചേർത്ത് തുടച്ചു വൃത്തിയാക്കിയ പ്ലേറ്റിൽ വിളമ്പുന്നത്.
ആറ്റിങ്ങലിൽ നടന്ന പരിശോധനയിൽ ആലംകോട് കിസ്സ ദാവത് ആലംകോട്, ആലംകോട് സെന്റർ ഹോട്ടൽ, അൽഹാജ വഴിയോരക്കട പൂവൻപാറ, ബ്രയിറ്റ് ഹോട്ടൽ പൂവൻപാറ, അൽഹാജ ഹോട്ടൽ ആറ്റിങ്ങൽ, ആറ്റിങ്ങൽ ഇമ്രാൻസ് ഹോട്ടൽ, സാവിത്രി ഹോട്ടൽ, ഹോട്ടൽ ചില്ലീസ്, സൂര്യ ബാർ, തുളസി ഹോട്ടൽ, സൈനം ഹോട്ടൽ, ഹൈ വേ ഫ്രഷ് തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങളും പ്ലാസ്റ്റിക്കും ഉൾപ്പെടെ പിടികൂടിയത്. 21 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ വിഭവങ്ങൾ പിടിച്ചെടുത്തു.
ചിക്കൻ ഫ്രൈ, അൽ ഫഹം, പപ്പടം, പായസം, നൂഡിൽസ്, കറികൾ, ചോറ്, പൊറോട്ട, മീൻ വിഭവങ്ങൾ ഉൾപ്പെടെ ഓരോ ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്തത് ജനങ്ങൾ പണം നൽകി ആസ്വദിച്ചു കഴിക്കുന്ന ഭക്ഷണ വിഭവങ്ങൾ.
നഗരസഭ ആരോഗ്യ വിഭാഗം യൂണിഫോം ധരിച്ചെത്തി നടത്തിയ പരിശോധന കൃത്യമായി തുടരണമെന്നും വിഷം വിളമ്പുന്ന ഹോട്ടലുകൾക്ക് ലൈസൻസ് റദ്ദാക്കുന്ന നടപടികൾ ഉൾപ്പെടെ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.