യുവാക്കളെ കൃഷിയിലേക്ക് മാടിവിളിച്ച് കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ പ്രദര്‍ശന, വിപണന സ്റ്റാളുകള്‍ കനകക്കുന്നിലെ എന്റെ കേരളം മെഗാമേളയില്‍ സജീവമാകുന്നു. കൃഷിയിലേക്ക് ആകര്‍ഷിക്കുന്ന സംയോജിത കൃഷിയിടം കുട്ടികള്‍ക്ക് പോലും കൗതുകക്കാഴ്ചയാവുകയാണ്. ഫലപ്രദമായി കൃഷിയിടത്തിന്റെ വിനിയോഗം എങ്ങനെ സാധ്യമാക്കാമെന്നതാണ് സംയോജിത കൃഷിയിടത്തിന്റെ പുനരാവിഷ്കാരത്തിലൂടെ അവതരിപ്പിക്കുന്നത്.
നെല്‍പ്പാടവും, ചെറിയ നീര്‍ച്ചാലുകളും, താറാവും, കോഴിയും , മുയലും, വെച്ചൂര്‍ പശുവും, കനേഡിയൻ കുള്ളൻ ആടുമൊക്കെയുള്ള ഒരു ഗ്രാമീണ ഭവനത്തിന്റെ മാതൃക. വീട്ടുടമയായ കര്ഷകന് തന്റെ പരിമിതമായ സ്ഥലത്ത് എങ്ങനെയെല്ലാം വിവിധ തരം കൃഷികള്‍ ചെയ്യുന്നുവെന്നത് കണ്ടിരിക്കേണ്ട കാഴ്ച തന്നെയാണ്. പുരയിടത്തിന്റെ വളരെ ചെറിയ ഭാഗത്ത് വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ നട്ടുവളര്‍ത്തുന്നു. കൂടാതെ തേനീച്ചക്കൂട്, ലവ് ബേര്‍ഡ്സ്, നെല്‍ക്കൃഷി, അസോള കൃഷി, പോളി ഹൗസ് മാതൃക, ബയോഗ്യാസ് പ്ളാന്റ്, പുഷ്പ കൃഷി, വെഞ്ച്വറി യൂണിറ്റ്, കിണര്‍ റീചാര്‍ജിങ്, ഫെന്‍സിംഗ് സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. നെല്‍വയലിലെ കാഴ്ചകള്‍ ഫാം ടൂറിസത്തിന്റെ അനന്തസാധ്യതകളെ തുറന്ന് കാട്ടുന്നു.
വിരൂപാക്ഷി, നമ്രാലി, സന്ന ചെങ്കദളി, കൂമ്പില്ലാ കണ്ണന് തുടങ്ങി വിവിധയിനം വാഴതൈകള്‍ 15 രൂപ മുതല്‍ ലഭ്യമാക്കുന്ന പാലോട് ബനാന ഫാമിന്റെ സ്റ്റാളുമുണ്ട്. ഇതിന് പുറമെ മാവ്, തെങ്ങ്, തായ്ലന്ഡ് ജാമ്പ, തായ്ലന്ഡ് റമ്പൂട്ടാന്‍, പാലോടന്‍ വരിക്ക, നാരകം, കറിവേപ്പില, പിച്ചി, മുല്ല എന്നിവയുടെ തൈകളും വാങ്ങാം. കൂടാതെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പെരിങ്ങമ്മലയിലുള്ള ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്നും വിവിധ കാര്‍ഷിക വിളകളുടെ തൈകളും വിതരണത്തിന് എത്തിച്ചിട്ടുണ്ട്.