വിലക്കുറവും ആകര്‍ഷകമായ ഓഫറുകളുമായി എന്റെ കേരളം മെഗാമേളയില്‍ ജയില്‍ വകുപ്പിന്റെ വിപണന സ്റ്റാള്‍. അട്ടക്കുളങ്ങര വനിത ജയില്‍, പൂജപ്പുര സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളിലെ തടവുകാര്‍ നിര്‍മ്മിച്ച വിവിധ ഉത്പ്പന്നങ്ങളാണ് വിപണന സ്റ്റാളിലുള്ളത്. അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്നും തുണിത്തരങ്ങള്‍, ചെരുപ്പ്, ഫിനോള്‍, ബെഡ് ഷീറ്റുകള്‍, തലയിണകള്‍, ക്യാരി ബാഗുകള്‍, തുടങ്ങിയവയാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും അടുക്കള ഉപകരണങ്ങള്‍, ഈസി ചെയര്‍, തടി കസേര, മേശ, തടി കൊണ്ടുണ്ടാക്കിയ കരകൗശല വസ്തുക്കള്‍ എന്നിവ വിപണനത്തിനായി എത്തിച്ചിട്ടുണ്ട്. ജയിലിലെ കാര്‍പെന്ററി വിഭാഗമാണ് തടികൊണ്ടുള്ള വിവിധ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ചത്. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന വനശ്രീ എക്കോ ഷോപ്പില്‍ വിവിധയിനം തേന്‍, മറയൂര്‍ ശര്‍ക്കര, വനങ്ങളില്‍ നിന്നും ശേഖരിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഔഷധങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നുണ്ട്.
കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അന്‍പത് ശതമാനം വിലക്കുറവില്‍ വിവിധ തരം കയര്‍ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. ചകിരിയില്‍ നിര്‍മ്മിച്ച ചെടിച്ചട്ടികള്‍, കയര്‍ കൊണ്ടുള്ള ചവിട്ടു മെത്തകള്‍, മെത്തകള്‍ എന്നിവയാണ് വിപണനം നടത്തുന്നത്. മൂല്യവര്‍ധിത മത്സ്യ ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന രുചികളാണ് സാഫ് ഇത്തവണയും മേളയിലെത്തിച്ചിട്ടുള്ളത്. ഗുണമേന്മയുള്ള മീന്‍ അച്ചാറുകള്‍, ഉണക്കമീന്‍ എന്നിവ വമ്പിച്ച വിലക്കുറവില്‍ വാങ്ങാം.
കൗതുകമേറെയൊളിപ്പിച്ചാണ് സാമൂഹിക നീതി വകുപ്പിന്റെ സ്റ്റാള്‍ മേളയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ വിവിധ ഭിന്നശേഷി സ്‌കൂളുകള്‍, സൈക്കോ സോഷ്യല്‍ സ്ഥാപനങ്ങളിലേയും പലപ്രായത്തിലുള്ള വിദ്യാര്‍ഥികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍, കേക്കുകള്‍, ജ്യൂസുകള്‍, ചുമര്‍ ചിത്രങ്ങള്‍, തുകല്‍ ഉത്പ്പന്നങ്ങള്‍ എന്നിവയാണ് സാമൂഹിക നീതി വകുപ്പിന്റെ സ്റ്റാളിലുള്ളത്. മുപ്പത് ശതമാനം വിലക്കുറവില്‍ ഖാദി വസ്ത്രങ്ങളുടെ വില്‍പ്പനയും നടക്കുന്നുണ്ട്. കൈത്തറി വികസന കോര്‍പ്പറേഷന്റെ വിവിധ സ്റ്റാളുകളിലായി മേല്‍ത്തരം ഉത്പ്പന്നങ്ങളുടെ വിപണനവും നടക്കുന്നുണ്ട്. ഇതിന് പുറമെ ചെറുകിട സംരംഭകരുടെ വിപണന സ്റ്റാളുകളും ജനശ്രദ്ധയാകര്‍ഷിക്കുന്നു.