മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ച് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. കേരളം വിവിധ മേഖലകളില്‍ നടത്തിയ മുന്നേറ്റത്തിന്റെ കഥയും നമ്മുടെ നാടിന്റെ അഭിവൃദ്ധിയുടെ ചിത്രവുമാണ് എന്റെ കേരളം മേളയിലൂടെ ജനങ്ങള്‍ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഇതുവരെയുള്ള വികസന ചരിത്രം മനസിലാകുന്ന തരത്തില്‍ ആകര്‍ഷകമായ രീതിയിലാണ് മേള സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ സ്റ്റാളുകളും ഒന്നിനൊന്ന് മെച്ചമാണ്. ഏതാണ് മികച്ചതെന്ന് പറയുന്നത് എളുപ്പമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. പി.ആര്.ഡി, വിനോദസഞ്ചാരം, എം.വി.ഡി, മൃഗസംരക്ഷണം, വനം – വന്യജീവി തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകള്‍ സന്ദര്‍ശിച്ച മന്ത്രി, വനം വിഭവങ്ങള്‍ വില്‍ക്കുന്ന വനശ്രീയുടെ സ്റ്റാളിലുമെത്തി. തുടര്‍ന്ന് പി.ആര്.ഡി പവലിയനിലെ 360 ഡിഗ്രീ ക്യാമറയില്‍ സെല്‍ഫിയുമെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.