നിശാഗന്ധിയിൽ ആസ്വാദകർക്കായി സംഗീതത്തിന്റെ മാസ്മരിക ലോകം സൃഷ്ടിച്ച് ഗായിക ഭദ്ര റെജിനും സംഘവും. എന്റെ കേരളം മെഗാ മേളയുടെ ഭാഗമായാണ് സ്റ്റോറി ടെല്ലർ ബാൻഡ് നിശാഗന്ധിയിൽ സംഗീതരാവ് ഒരുക്കിയത്. രാസയ്യയ്യോ, ചാരുലത തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ച് ഗായകരായ ഭദ്രാ റെജിനും സുധീപ് പലനാടും കാണികളെ ആവേശത്തിലാക്കി. ഗിത്താറിൽ അനുരാഗും കീബോർഡിൽ ഹക്കീമും ഡ്രംസിൽ നെവിനും കനകക്കുന്നിന്റെ ഹൃദയ താളത്തിനൊപ്പം കൂടി.
സംഗീത വിരുന്നിന് മുന്നോടിയായി രസിപ്പിച്ചും ചിന്തിപ്പിച്ചും പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ നാടക കൂട്ടായ്മ ‘ചങ്ങാതി’യുടെ ഡോക്യു-ഡ്രാമയും അരങ്ങേറി. വലിച്ചെറിയലിനെ വലിച്ചെറിയാം, മക്കൾ എവിടേക്കാ, സ്വാതന്ത്ര്യസമര ചരിത്രത്തിലെ കണ്ടതും കാണാത്തതുമായ ഏടുകൾ, എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായാണ് നാടകം അരങ്ങേറിയത്. മാലിന്യ സംസ്കരണം, ലഹരി ഉപയോഗം, സ്വാതന്ത്രസമര ചരിത്രം എന്നിങ്ങനെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ അവതരിപ്പിച്ച നാടകം സംവിധാനം ചെയ്തത് മനോജ് നാരായണൻ ആണ്. ഏഴു മുതൽ 14 വയസ് വരെയുള്ള 22 കുട്ടികളാണ് അഭിനയ മികവിൽ കാണികളുടെ കയ്യടികൾ നേടിയത്.
മേളയുടെ സമാപന ദിവസമായ ഇന്ന് (മെയ് 27) നിശാഗന്ധിയിൽ വൈകുന്നേരം 7.30 മുതൽ പാട്ടും പറച്ചിലായുമായി ഊരാളി ബാൻഡിന്റെ പ്രകടനം അരങ്ങേറും.