വർക്കല : ദേശീയപാത വികസനത്തിന്റെ ഭാഗമായി പാരിപ്പള്ളിയിൽ നിന്നും വർക്കല ശിവഗിരിയിലേക്കുള്ള റോഡ് സ്റ്റേറ്റ് ഹൈവേ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, മുക്കടയിൽ അടിപ്പാത നിർമ്മിക്കുക എന്നീ ആവശ്യങ്ങളുമായി പാരിപ്പള്ളി വർക്കല ശിവഗിരി റോഡ് സംരക്ഷണ സമിതി നടത്തുന്ന രണ്ടാംഘട്ട പ്രക്ഷോഭത്തിന് മുന്നോടിയായി നടത്തുന്ന “റോഡ് സംരക്ഷണ ജാഥ ” ഇന്ന് (ജൂൺ 3, ശനിയാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് ശിവഗിരിയിൽ നിന്നും ആരംഭിച്ച് പാരിപ്പള്ളിയിൽ സമാപിക്കും. ശിവഗിരിയിൽ നിന്നും ആരംഭിക്കുന്ന ജാഥ ബ്രഹ്മശ്രീ ഋതംഭരാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30 മണിക്ക് പാരിപ്പള്ളിയിൽനടക്കുന്ന സമാപന സമ്മേളനം ജി.എസ് ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വർക്കല മൈതാനം, നടയറ, അയിരൂർ, പാളയംകുന്ന്, ചാവർകോട് തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിൽ നടക്കുന്ന യോഗങ്ങൾ വർക്കല മുൻസിപ്പൽ ചെയർമാൻ കെ.എം ലാജി, മുനിസിപ്പൽ കൗൺസിലർമാരായ പി.എം ബഷീർ, അഡ്വ. അനിൽകുമാർ, സിപിഎം വർക്കല ഏരിയ സെക്രട്ടറി യൂസുഫ്, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൂര്യ എന്നിവർ ഉദ്ഘാടനം ചെയ്യുമെന്ന് സംരക്ഷണ സമിതി ഭാരവാഹികളായ വി മണിലാൽ അഡ്വ എസ് ആർ അനിൽ കുമാർ പാരിപ്പള്ളി വിനോദ്, ശരണ്യ സുരേഷ്, കെ. എസ് രാജീവ്, ഷോണി ജി. ചിറവിള എന്നിവർ അറിയിച്ചു. ജൂൺ 4 മുതൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കും സമര പ്രഖ്യാപന ധർണ്ണയിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി, ബ്രഹ്മശ്രീ ഋതംഭരാനന്ദ സ്വാമികൾ, അഡ്വ. വി ജോയി എം.എൽ.എ എന്നിവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.