വർക്കല: പാരിപ്പള്ളി വർക്കല ശിവഗിരി റോഡ് സംരക്ഷണ സമിതി നടത്തുന്ന രണ്ടാംഘട്ട ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മുക്കടയിൽ അനിശ്ചിതകാല സത്യാഗ്രഹം സമരം ആരംഭിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു.
ലോകഗുരുവായ ശ്രീനാരായണഗുരുവിന്റെ സമാധി സ്ഥാനം സ്ഥിതി ചെയ്യുന്ന ശിവഗിരിയിലേക്കുള്ള പ്രധാന കവാടം വികസനത്തിന്റെ പേരിൽ കെട്ടിയട യ്ക്കുന്നത് പ്രതിഷേധ അർഹമാണെന്ന് സച്ചിദാനന്ദ സ്വാമികൾ കുറ്റപ്പെടുത്തി.
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയും, രവീന്ദ്രനാഥ ടാഗോറും വി. രാജഗോപാൽ ആചാരിയുമൊക്കെ സഞ്ചരിച്ച റോഡ് വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ അടച്ചുപൂട്ടുന്നത് അപലപനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി മന്നത്ത് പത്മനാഭൻ നയിച്ച ജാഥ കടന്നുപോയത് ഈ വഴിയിലൂടെയാണെന്ന് സ്വാമികൾ കൂട്ടിച്ചേർത്തു.
റോഡ് സംരക്ഷണ സമിതി ചെയർമാൻ വി. മണിലാൽ അധ്യക്ഷത വഹിച്ചു. വർക്കല എം.എൽ.എ വി. ജോയ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ.എസ് ആർ അനിൽകുമാർ, പാരിപ്പള്ളി ശ്രീകുമാർ, വിനോദ് പാരിപ്പള്ളി, ഷോണി ജി ചിറവിള, വിജയൻ തുടങ്ങിയവർ സംസാരിച്ചു.