പുതുതലമുറയ്ക്ക് പ്രകൃതിയോടുള്ള കടപ്പാടിന്റെയും ഉത്തരവാദിത്തത്തിന്റെയും നല്ല മാതൃക തീർക്കുകയാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്. പ്രകൃതിസ്‌നേഹം കേവലം വാക്കുകളിലൊതുക്കാതെ, പ്രവർത്തിയിലൂടെ സാധ്യമാക്കുകയാണിവിടെ. ഹരിത കേരള മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിൽ ഇതുവരെ സൃഷ്ടിക്കപ്പെട്ടത് 85 പച്ചത്തുരുത്തുകളാണ്. ഇവയിൽ നാലെണ്ണം ജില്ലയിലെ തന്നെ മാതൃകാ പച്ചത്തുരുത്തും.
എട്ട് ഗ്രാമപഞ്ചായത്തുകളാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉള്ളത്. ഗ്രാമപഞ്ചായത്തുകളിലെല്ലാം വ്യത്യസ്തരീതിയിലാണ് പച്ചത്തുരുത്ത് ഒരുക്കുന്നത്. വിദ്യാർത്ഥികളുടെയും പരിസ്ഥിതി സ്‌നേഹികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തുകളിൽ കാണപ്പെടുന്ന ഫലവൃക്ഷത്തോട്ടങ്ങൾ, ഔഷധത്തോട്ടങ്ങൾ, പൂന്തോട്ടങ്ങൾ, ചെറുവനങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ട പച്ചത്തുരുത്തുകളാണ്.
പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കാട്ടുമ്പുറം, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണം, നഗരൂർ പേരൂർ വടശ്ശേരി സ്‌കൂൾ, കരവാരം ഗ്രാമപഞ്ചായത്തിലെ വട്ടള എന്നിവിടങ്ങളിലാണ് മാതൃകാ പച്ചതുരുത്തുകൾ സ്ഥിതി ചെയ്യുന്നത്.
ഈ വർഷം പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി രണ്ട് വിദ്യാലയങ്ങളിൽ കൂടി പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളിയുടെ നേതൃത്വത്തിൽ പള്ളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളും മടവൂർ ഗവൺമെന്റ് എൽ.പി. സ്‌കൂളുമാണ് പദ്ധതിയുടെ ഭാഗമായത്. കൂടുതൽ ഇടങ്ങളിലേക്ക് പച്ചത്തുരുത്ത് വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്.