ആറ്റിങ്ങൽ: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന് കീഴിലുള്ള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം കോംപ്ലക്‌സിൽ ഒരുങ്ങിയ ജിംനേഷ്യം പ്രവർത്തനം ആരംഭിച്ചു. കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ ജിംനേഷ്യം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ മേഖലകളിൽ കായികക്ഷമതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം എന്നതാണ് സർക്കാരിന്റെ നയം. അതിന്റെ ഭാഗമായി ഇത്തരത്തിൽ വിവിധ പദ്ധതികൾ തുടർന്നും നടപ്പിലാക്കുമെന്ന് മന്ത്രി ഉദ്ഘാടന വേളയിൽ പറഞ്ഞു. ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ അധ്യക്ഷത വഹിച്ചു.
ആറ്റിങ്ങൽ സ്‌പോർട്‌സ് കോംപ്ലക്‌സിലെ ഇൻഡോർ സ്റ്റേഡിയം കോംപ്ലക്‌സിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് ജിംനേഷ്യം തയ്യാറാക്കിയിരിക്കുന്നത്. അമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് അധുനിക രീതിയിലുള്ള ജിംനേഷ്യം നിർമ്മിച്ചത്. പൂർണ്ണമായും ശീതീകരിച്ച ഹാളിലാണ് ജിംനേഷ്യം പ്രവർത്തിക്കുക. ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ ആധുനിക ഉപകരണങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നൂറ് കുട്ടികൾ താമസിച്ച് പരിശീലനം നേടുന്നുണ്ട്. ഇവർക്ക് പുറമെ പൊതുജനങ്ങൾക്കും മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രവേശനം നൽകും. സ്ത്രീകൾക്കും പ്രത്യേകം സമയം അനുവദിക്കും. പുറത്ത് നിന്നുള്ളവർക്ക് ഫീസ് ഏർപ്പെടുത്തും. നഗരസഭാ ചെയർമാൻ എം. പ്രദീപ് മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.