വിദ്യാഭ്യാസകാലത്തെ അറിവും അനുഭവങ്ങളും ജീവിതത്തിന്റെ വഴിവിളക്കാകുമെന്ന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പറഞ്ഞു. ആറ്റിങ്ങൽ ബി.ആർ.സി യുടെ എഴുത്തുകൂട്ടം ശില്പശാലയിൽ
വിശിഷ്ട അതിഥിയായി പങ്കെടുത്ത് കുട്ടികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം മനസ്സിലെ സർഗ്ഗാത്മകത തിരിച്ചറിയാൻ ഒരു കുട്ടിക്ക് കഴിഞ്ഞാൽ അയാളിലെ കലാകാരൻ ജനിച്ചുകഴിഞ്ഞു. ആ തിരിച്ചറിവിന് ജീവിതനിരീക്ഷണം അത്യാവശ്യമാണ്. പറഞ്ഞാൽ തീരാത്ത കഥകൾ നമുക്ക് ചുറ്റുണ്ട്. നാം അത് കണ്ടെത്തി അവതരിപ്പിക്കുമ്പോഴാണ് അത് നമ്മുടെ സൃഷ്ടിയായി മാറുന്നത്. അതിനാൽ പാഠഭാഗങ്ങൾ പഠിക്കുന്നതിനൊപ്പം ചുറ്റുപാടുകളിലെ ജീവിതത്തെയും നോക്കിക്കാണാൻ ശ്രമിച്ചാൽ എഴുത്തിന്റെയും മറ്റ് സർഗ്ഗാത്മകതകളുടെയും വളർച്ചക്ക് അത് വഴി കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങൽ ബി.ആർ.സിക്ക് കീഴിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാല നഗരസഭ വൈസ് ചെയർമാൻ
ജി.തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.