നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒന്നര വയസ്സുകാരി വീട്ടിൽവെച്ച് മരിച്ചു. ചികിത്സാ പിഴവ് കാരണമെന്ന് ആരോപിച്ച് ബന്ധുകളും നാട്ടുകാരും രംഗത്തെത്തി. ആശുപത്രിക്ക് മുമ്പിൽ നാട്ടുകാർ പ്രതിഷേധിച്ചു. നെടുമങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് റിപ്പോർട്ട് തേടി. റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്. നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്- സുകന്യ ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൾ ആർച്ച ആണ് ഇന്ന് രാവിലെ 11 മണിയോടെ മരിച്ചത്.
ശ്വാസംമുട്ടിനെ തുടർന്ന് കുട്ടിയെ ഇന്ന് രാവിലെ ജില്ലാ ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ചിരുന്നു. തുടർന്ന് ആവിയെടുത്തു. മരുന്നും നൽകി. ഇതിന് ശേഷം വീട്ടിലേക്ക് പോയി. എന്നാൽ 11 മണിയോടെ കുട്ടി മരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി.