കല്ലറ : നിയന്ത്രണം വിട്ട സൈക്കിള്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറി പൊലീസുകാരന് ദാരുണാന്ത്യം. കല്ലറ, മരുതമണ്‍ ഹിരണ്‍ നിവാസില്‍ ഹിരണ്‍ രാജ് ആര് വി (45) ആണ് മരിച്ചത്. തിരുവനന്തപുരം വികാസ് ഭവനില്‍ റൂറല്‍ എസ്.പി ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു മരിച്ച ഹിരണ്‍രാജ്.
മൂന്നു ദിവസം മുൻപാണ് സൈക്ലിംഗിനിടെ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് ഹിരണ്‍ രാജിന് ഗുരുതരമായി പരിക്കേറ്റത്. തിരുവനന്തപുരം-കന്യാകുമാരി യാത്രയ്ക്കിടെ കോവളത്തുവച്ചായിരുന്നു അപകടം. കോവളം പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യം.
ദീര്‍ഘനാളായി ഹിരണ്‍ രാജ് സ്റ്റുഡന്‍സ് പൊലീസ് കേഡറ്റിന്റെ ഭാഗമായിരുന്നു. ഡിജിറ്റല്‍ ഉള്ളടക്ക നിര്‍മാണത്തിലും വിദഗ്ധനായ ഹിരണ്‍ രാജ്, നിരവധി ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. കുറച്ചുനാള്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത് വ്ളോഗിംഗില്‍ സജീവമായി. അടുത്തിടെയാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്.
സൈക്ലിസ്റ്റ് എന്ന നിലയില്‍ ഹിരണ്‍ രാജ് നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. കായിക താരവുമായിരുന്നു. പൊന്മുടി ഗോള്‍ഡല്‍ പീക്ക് മാരത്തോണില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടുണ്ട്. ചുറുചുറുക്കും ഹൃദ്യമായ പെരുമാറ്റവുമായിരുന്നു ഹിരണിനെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. ഹിരണ്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന സൈക്കിളില്‍ തന്നെ അന്ത്യവും സംഭവിച്ചതിലുള്ള ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.
രാജേന്ദ്രന് നായരുടെയും വിജയകുമാരി അമ്മയുടെയും മകനാണ്.
ഭാര്യ ശ്രീജ ഹിരണ്‍.
മക്കള്‍ അഗ്നി, അഹാന്.