കാട്ടാക്കട: വധുവിനെ കാണാതായതിനെ തുടർന്ന് വിവാഹം മുടങ്ങി. കാട്ടാക്കട കട്ടയ്ക്കോട് സ്വദേശിയായ യുവതിയും കുട്ടമല സ്വദേശിയായ യുവാവും തമ്മിലുളള വിവാഹം ഇന്ന് രാവിലെ നടക്കാനിരിക്കെ മണിക്കൂറുകൾക്ക് മുമ്പാണ് യുവതിയെ കാണാതായത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ ഉറങ്ങാൻ കിടന്ന യുവതിയെ പുലർച്ചെ വിളിച്ചുണർത്താൻ എത്തുമ്പോഴാണ് കാണാനില്ലെന്ന വിവരം വീട്ടുകാർ അറിഞ്ഞത്. സമീപവാസിയായ യുവാവിനെയും കാണാതായതായി പറയപ്പെടുന്നു. കല്യാണത്തിന്റെ സദ്യവട്ടങ്ങളെല്ലാം തയ്യാറായശേഷം യുവതിയുടെ ഒളിച്ചോട്ടം വീട്ടുകാരെ ദുരിതത്തിലാക്കി. വരന്റെ വീട്ടുകാരെയും പൊലീസിനെയും യുവതിയുടെ ബന്ധുക്കൾ വിവരം അറിയിച്ചു. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.