വീട്ടുമുറ്റത്ത് നിന്നും സ്‌കൂട്ടറും, വീട്ടിനുള്ളില്‍ക്കടന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ രണ്ടാം പ്രതിയും അറസ്റ്റില്‍.
മണമ്പൂർ പെരുംകുളം മല വിളപൊയ്ക മിഷന്‍ കോളനിയില്‍ എം വി പി ഹൗസില്‍മുഹമ്മദ് യാസീന്‍(22)നെയാണ് കീഴ് വായ്പ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 13 ന് രാത്രിയിലാണ് കുന്നന്താനം പാമല വടശ്ശേരില്‍ വീട്ടില്‍ ശശിധര പെരുമാളിന്റെ മകന്‍ ശരത് പെരുമാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന പാമല ഈട്ടിക്കല്‍ പുത്തന്‍പുരയിലെ വീട്ടില്‍ നിന്നും മോഷണം നടത്തിയത്. വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറി അലമാരയില്‍ സൂക്ഷിച്ച 28000 രൂപയും, 112000 വിലവരുന്ന 20.50 ഗ്രാം സ്വര്‍ണഭരണങ്ങളും പ്രതികള്‍ കവര്‍ന്നിരുന്നു.
ഒന്നാം പ്രതി കിഴുവിലം കാക്കാട്ടുകോണം ചാരുവിള വീട്ടില്‍ കണ്ണപ്പന്‍ എന്നുവിളിക്കുന്ന രതീഷി(35)നെ നേരത്തെ പിടികൂടിയിരുന്നു. ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്, സുഹൃത്തും കൂട്ടുപ്രതിയുമായ യാസീനെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തത്. കടയ്ക്കാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ രതീഷിനൊപ്പം കൂട്ടുപ്രതിയാണ് ഇയാള്‍. രണ്ടാം പ്രതിയുടെ വിരലടയാളം എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.