ആറ്റിങ്ങൽ: ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിൽ പ്രവർത്തിക്കുന്ന ഗവ പ്രീ പ്രൈമറി മോഡൽ സ്കൂളിന് മുന്നിൽ നിർത്തി മൂന്നു വയസ്സുള്ള കുട്ടി ഇറക്കുന്നതിനിടെ ആറ്റിങ്ങൽ ട്രാഫിക് പോലീസ് പിഴയടിച്ചതായി പരാതി . ഇന്ന് രാവിലെ പത്തു മണിക്കാണ് സംഭവം. അയിലം ഭാഗത്ത് നിന്ന് സ്കൂൾ കുട്ടിയുമായി വന്ന വാഹനം സ്കൂൾ ഗേറ്റിന് മുൻ വശത്ത് നിർത്തി കുട്ടിയും രക്ഷിതാവും വാഹനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് വാഹനത്തിന് പിന്നിലൂടെ വന്ന പോലീസ് ഉദ്യോഗസ്ഥൻ ഫോട്ടോ എടുത്ത് പിഴയിട്ടതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരും രക്ഷകർത്താവും കാര്യം പോലീസ് ഉദ്യോഗസ്ഥനെ ധരിപ്പിച്ചെങ്കിലും വീണ്ടും ഫോട്ടോ എടുത്ത് മടങ്ങുകയായിരുന്നത്രെ. വീട്ടിൽ എത്തിയ ശേഷം മൊബൈൽ ഫോണിൽ വന്ന മെസ്സേജ് നോക്കുമ്പോഴാണ് അനധികൃത പാർക്കിങ്ങിന് പിഴ ഈടാക്കിയതായി രക്ഷിതാവിന് മനസ്സിലായത്.
ആറ്റിങ്ങൽ കിഴക്കേനാലുമുക്ക് മുതൽ ബി.എച്ച് എസ്.എസ് ജംഗ്ഷൻ വരെ നിലവിൽ പാർക്കിംഗ് നിരോധിച്ചിരിക്കുകയാണ്. എന്നാൽ പ്രീ പ്രൈമറി സ്കൂൾ കുട്ടികളുടെ പ്രായവും സുരക്ഷയും പരിഗണിച്ച് അവരെ സ്കൂളിലേക്ക് കൊണ്ട് വരുന്ന വാഹനങ്ങൾക്ക് കുട്ടികളെ കയറ്റാനും ഇറക്കാനും ഇളവുകൾ നാളിതുവരെ നൽകിയിരുന്നു. സ്കൂളിന് മുൻവശത്ത് ഓട്ടോ സ്റ്റാന്റ് പ്രവർത്തിക്കുന്നതിനാൽ അവിടെ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാനും സാധിക്കില്ല. എന്നാൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സ്കൂളിന് മുന്നിൽ വാഹനം നിർത്തി ഇറക്കാതെ മറ്റ് എവിടെ ഇറക്കുമെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്.
ചിറയിൻകീഴ്, കൊല്ലമ്പുഴ ഭാഗങ്ങളിൽ നിന്ന് സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് വരുന്ന ബസ്സുകൾ പെർമിറ്റ് കട്ട് ചെയ്ത് പാലസ് റോഡുവഴി ബസ്റ്റാൻഡിൽ എത്തുന്നതിനെതിരേയും ആറ്റിങ്ങൽ കെഎസ്ആർടിസി ഗ്യാരേജിന് മുന്നിൽ കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിച്ചുള്ള വാഹന പാർക്കിംഗിന് എതിരെയും നടപടികൾ സ്വീകരിക്കാത്ത ഉദ്യോഗസ്ഥർ ഗവ പ്രീ പ്രൈമറി സ്കൂളിൽ പഠിക്കാൻ എത്തുന്ന കൊച്ചു കുട്ടികളുടെ കാര്യത്തിൽ അവേശം കാട്ടുന്നതിനെതിരെ അക്ഷേപം ഉയരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാവ് ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നൽകി.