ചിറയിൻകീഴ് : പണ്ടകശാല -ശാർക്കര റോഡിന്റെ രണ്ടാം ഘട്ട പുനരുദ്ധാരണം വൈകുന്നതിനാൽ പണ്ടകശാല, ശാർക്കര, പുതുക്കരി കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പണ്ടകശാല -ശാർക്കര റോഡിലെ ദേവി സദ്യാലയത്തിന് മുൻവശത്തുള്ള പൊട്ടി പൊളിഞ്ഞ, വലിയ കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിൽ കോൺക്രീറ്റ് ചെയ്ത് യാത്ര ദുരിതത്തിന് താൽകാലിക അറുതി വരുത്തി. കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർമാരായ മോനി ശാർക്കര, മനുമോൻ, ബേബി എന്നിവർ നേതൃത്വം നൽകി. നിലവിൽ റോഡിലെ കുഴികൾ രൂപപ്പെട്ടിട്ടുള്ള, ശേഷിക്കുന്ന സ്ഥലങ്ങളിൽ കുഴിയടയ്ക്കുന്ന പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് മെമ്പർമാർ അറിയിച്ചു.
പണ്ടകശാല മുതൽ ശാർക്കര ശാസ്ത ക്ഷേത്രത്തിനു സമീപം വരെ ബിഎംബിസി നിലവാരത്തിൽ ടാറും, ഇന്റർലോക്കും ചെയ്ത് റോഡ് സഞ്ചാര യോഗ്യമാക്കിമാറ്റിയിരുന്നു. ബാക്കിയുള്ള ഭാഗം റോഡിലെ ഏറ്റവും മോശമായ സ്ഥലങ്ങളിൽ അറ്റകുറ്റ പണികൾ ചെയ്യുന്നതിന് നിലവിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന് വാർഡ് മെമ്പർമാർ അറിയിച്ചു.