വർക്കല : പാരിപ്പള്ളി – വർക്കല – ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം രണ്ടാഴ്ച പിന്നിട്ടു. വർക്കലയിലേക്കുള്ള പാത അടച്ചു പൂട്ടുന്നത് വ്യാപാരി സമൂഹത്തെ ദുരിതത്തിലാക്കുമെന്നും, ചെറുകിട കച്ചവട ടക്കാരുൾപ്പെടെ വ്യാപാര വ്യവസായ മേഖലയിലുള്ള ആയിരക്കണക്കിനാളുകളുടെ തൊഴിൽ മാർഗ്ഗം തടസ്സപ്പെടാനും അവരെ തൊഴിൽ രഹിതരാക്കാനും ഇതു ഇടയാക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് കെ.രാമഭദ്രൻ പറഞ്ഞു. മുക്കട ജംഗ്ഷനിൽ അടിപ്പാത നിർമ്മിച്ച് പാരിപ്പള്ളി ശിവഗിരി റോഡ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരത്തിനു ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാരിപ്പള്ളി യൂണിറ്റ് സംഘടിപ്പിച്ച സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമിതി പാരിപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ജി.രാജൻകുറുപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ. സത്താർ, ബി.പ്രേമാനന്ദ്, രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗം എസ്.വിജയൻ, ജി.വിജയകുമാർ, ക്യാപ്റ്റൻ സതീശൻ, ഷാജഹാൻ, ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
തിങ്കളാഴ്ച “ഇപ്റ്റ” പാരിപ്പള്ളിയുടെ നേതൃത്വത്തിൽ കലാകാരൻമാരുടെ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. തിരക്കഥാകൃത്ത് രാജൻ കിഴക്കനേല ഉദ്ഘാടനം ചെയ്യും.