മിടുക്കർക്കായി ‘മികവുത്സവം’, വിദ്യാർത്ഥികളെ അനുമോദിച്ച് മന്ത്രിമാർ

IMG-20230622-WA0032

നെടുമങ്ങാട് മണ്ഡലത്തിൽ ‘മികവുത്സവം’ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മണ്ഡലം എം.എൽ.എ കൂടിയായ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. നെടുമങ്ങാട് എം.എൽ.എ വിദ്യാഭ്യാസ അവാർഡ് -‘മികവുത്സവം 2023’-പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

അറിവും വിദ്യാഭ്യാസവും അടിസ്ഥാനമായ ഒരു സമൂഹത്തെയാണ് വാർത്തെടുക്കേണ്ടതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സമ്പൂർണ സാക്ഷരത പോലെ സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസത്തിലും ഒന്നാമതെത്താനുള്ള ശ്രമം കേരളം നടത്തുകയാണെന്നും കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ സാധാരണക്കാരന്റെ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്‌കൂളുകളുടെ പഠനനിലവാരം ഉയർത്താൻ കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരുന്നു. തന്റെ മണ്ഡലത്തിലെ കുട്ടികൾ അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്കുള്ള പ്രചോദനമാണ് ഈ അവാർഡെന്നും തുടർവിദ്യാഭ്യാസത്തിനുള്ള ഭൗതിക സാഹചര്യം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 586 വിദ്യാർത്ഥികൾക്കും പ്ലസ്ടുവിൽ മികച്ച വിജയം നേടിയ 242 വിദ്യാർത്ഥികൾക്കും സി.ബി.എസ്.ഇ വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ 36 വിദ്യാർത്ഥികൾക്കും മന്ത്രി ജി.ആർ അനിൽ അവാർഡുകൾ നൽകി.
എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച 14 സ്‌കൂളുകളാണ് മണ്ഡലത്തിലുള്ളത്. ഇതിൽ നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് മന്ത്രി കെ.രാധാകൃഷ്ണൻ അവാർഡ് നൽകി. 2021-22 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകുകയും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത നെടുമങ്ങാട് നഗരസഭയേയും പുരസ്‌കാരം നൽകി മന്ത്രി കെ.രാധാകൃഷ്ണൻ അനുമോദിച്ചു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു. ജില്ലാ കളക്ടർ ജെറോമിക് ജോർജ് ചടങ്ങിൽ ആശംസകൾ അറിയിച്ചു. നെടുമങ്ങാട് മുൻസിപ്പാലിറ്റി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സി. എസ് ശ്രീജ, ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!