ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ – എക്കാേയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഉദ്ധാനം എന്ന പേരിൽ ആറ്റിങ്ങൽ സ്കൗട്ട് ആന്റ് ഗൈഡ്സ് ഹാളിൽ നടന്ന കുടുംബ സംഗമം മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമത്തിന്റെ ഭാഗമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനവും ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനവും അവനവഞ്ചേരി ഗവ. ഹയർ സെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനവും നേടി. രഞ്ജിത്ത് വെളളല്ലൂർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. വിജയികൾക്ക് ഡോ. അലക്സാണ്ടർ ജേക്കബ് ക്യാഷ് അവാർഡും ഉപഹാരങ്ങളും സമ്മാനിച്ചു. എക്കോ വർക്കിംഗ് പ്രസിഡന്റ് കെ. അജന്തൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂർ, യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം അസോ. പ്രഫസർ ഡോ. അജയൻ പനയറ, എക്കോ ജനറൽ സെക്രട്ടറി അഡ്വ. കെ.ജയപാൽ, ട്രഷറർ കൃഷ്ണൻ കുട്ടി നായർ, സെക്രട്ടറി എൻ. സാബു എന്നിവർ സംസാരിച്ചു. വിവിധ പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയ എക്കോ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരങ്ങൾ യോഗത്തിൽ വച്ച് നൽകി.