വർക്കല : പാരിപ്പള്ളി വർക്കല ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യവുമായി വർക്കല സംഗീത കൂട്ടായ്മയുടെ “പ്രതിഷേധ ഗാനാഞ്ജലി” ദേശീയപാതയോരത്ത് യാത്രക്കാർക്കും കാഴ്ചക്കാർക്കും ഒരുപോലെ അവർണ്ണനീയമായ സംഗീത വിരുന്നൊരുക്കി.
സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമിക്കുന്ന അധികാര ഗർവ്വിനെ സംഗീത മഴ കൊണ്ട് നേരിടാൻ കഴിയട്ടെയെന്ന് കൊല്ലം കോർപ്പറേഷൻ ഡപ്യൂട്ടി മേയർ കൊല്ലം മധു അഭിപ്രായപ്പെട്ടു. മുക്കട ജംഗ്ഷനിലെ സത്യാഗ്രഹ സമര വേദിയിൽ പ്രതിഷേധ ഗാനാഞ്ജലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ശിവഗിരിയിൽ വന്ന് പ്രഖ്യാപനങ്ങൾ നടത്തിയതു കൊണ്ടു മാത്രം ശ്രീനാരായണ ധർമ്മം പരിപാലിക്കപ്പെടില്ലെന്നും, നമ്മുടെ പൈതൃകം സംരക്ഷിക്കാൻ എല്ലാ ഭരണാധികാരികൾക്കുംഒരുപോലെ ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗീത കൂട്ടായ്മ കോ-ഓർഡിനേറ്റർ ഷോണി ജി. ചിറവിള അധ്യക്ഷത വഹിച്ചു. മണിലാൽ വർക്കല സ്വാഗതം പറഞ്ഞു. റോഡ് സംരക്ഷണ സമിതി ജനറൽ കൺവീനർ അഡ്വ. എസ്.ആർ. അനിൽകുമാർ , ജി.പ്രസാദ് കുമാർ എന്നിവർ സംസാരിച്ചു. അനിൽ ഇടവ, സനൽകുമാർ അയിരൂർ, സിന്ധു കരുനിലക്കോട്, മുരളി വർക്കല തുടങ്ങി നിരവധി ഗായകർ പ്രതിഷേധ ഗാനാഞ്ജലിയിൽ പങ്കാളികളായി. ഞായറാഴ്ച എഴിപ്പുറം ജ്ഞാനോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സത്യാഗ്രഹ സമരം തുടരും.