ആലംകോട് – മീരാൻകടവ് റോഡിന് കുറുകെ ആറ്റിങ്ങൽ ബൈപാസിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പ്രദേശത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റിക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം. പ്രദേശത്ത് നിന്ന് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും നിലവിലെ ഓടയിൽ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള അടിയന്തര നടപടി പ്രോജക്ട് ഡയറക്ടർ സ്വീകരിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടറുമായ വി.ജയമോഹൻ ഉത്തരവിട്ടു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് വെള്ളക്കെട്ടുണ്ടാകുകയും കഴിഞ്ഞ ദിവസത്തെ മഴയിൽ സമീപപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. കാലവർഷം അതിശക്തമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ സമീപ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടഭീഷണി നേരിടേണ്ടിവരുമെന്നതിനാലാണ് അടിയന്തര നപടിക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയത്.