അതിർത്തി ലംഘനത്തിന്റെ പേരിൽ ഇറാനിൽ പിടിയിലായ അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെയുള്ളവരുടെ കുടുംബാംഗങ്ങളെയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിച്ചു.
ഇന്നലെ ഉച്ചയോടെ അഞ്ചുതെങ്ങ് മാമ്പള്ളിയിൽ (ഹോളി സ്പിരിറ്റ് ചർച്ച്) വച്ചായിരുന്നു ഇറാനിൽ പിടിയിലായവരുടെ കുടുംബങ്ങളെ അദ്ദേഹം നേരിൽ കണ്ടത്.
കഴിഞ്ഞ ജൂൺ 18 ഞായറാഴ്ച വൈകുന്നേരം അജ്മാനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം ഉടമയായ അറബി ഉൾപ്പെട്ട പതിനൊന്ന് അംഗ സംഘത്തെയാണ് അതിർത്തി ലംഘിച്ചതിനെ തുടർന്നു ഇറാൻ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകം സ്വദേശി സാജു ജോർജ് (54), മാമ്പള്ളി സ്വദേശി ആരോഗ്യ രാജ് (43), മാമ്പള്ളി ഓലുവിളാകം സ്വദേശി ഡെന്നിസൺ പൗലോസ് (48), കായിക്കര കുളങ്ങര പടിഞ്ഞാറിൽ സ്റ്റാലിൻ വാഷിംഗ്ടൺ (44) മാമ്പള്ളി പുതുമണൽ പുരയിടത്തിൽ ഡിക്സൺ എൽ (46) തുടങ്ങിയവർ ഉൾപ്പെട്ട മത്സ്യത്തൊഴിലാളി സംഘമാണ് അതിർത്തി ലംഘനത്തെ തുടർന്ന് ഇറാൻ പോലീസിന്റെ പിടിയിലായത്.
ഇവർക്ക് പുറമേ പിടിയിലായവരിൽ പരവൂർ സ്വദേശികളായ രണ്ട് അംഗങ്ങളും, തമിഴ്നാട് സ്വദേശികളായ മൂന്ന് അംഗങ്ങളുമുണ്ടായിരുന്നു.
തിരുവനന്തപുരം അതിരൂപത സഹായം മെത്രാൻ ക്രിസ്തുദാസൻ, മാമ്പള്ളി ഇടവക വികാരി ജസ്റ്റിൻ ജൂഡ്, ഇടവക കമ്മറ്റി അംഗങ്ങൾ, കെ.എൽ.സി. എ തിരുവനന്തപുരം അതിരൂപത ട്രഷറർ ജോഷി ജോണി തുടങ്ങിവരുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉടൻ തന്നെ പിടിയിലായവരെ തിരികെ എത്തിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഇവരെ സമയബന്ധിതമായി എത്രയും പെട്ടെന്ന് തന്നെ എത്തിക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ ഇറാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് വരുന്നതായി അദ്ദേഹം അറിയിച്ചു.
ബിജെപി കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് കൂണത്തുമൂട് ബിജു, ജനറൽ സെക്രട്ടറി വിജയകുമാർ, അയിലം അജി, സംസ്ഥാന സമിതി അംഗം തോട്ടയ്ക്കാട് ശശി, ജില്ലാ ട്രഷറർ ബാലമുരളി, മണ്ഡലം വൈസ് പ്രസിഡണ്ട് പരുത്തി ബാബു, ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് രാജേഷ്, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡന്റ് എഡിസൺ പെൽസിയൻ, ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പഴയന്നട വിശാഖ്, സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ സംസ്ഥാന സമിതി അംഗം ഭുവനേന്ദ്രൻ, കടക്കാവൂർ ഗ്രാമപഞ്ചായത്തംഗം രേഖാ സുരേഷ്, തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.