മതേതരത്വത്തിന്റെ സംഗമ ഭൂമിയായ ശിവഗിരിയിലേക്കുള്ള റോഡ് അടച്ചുപൂട്ടാനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കം ഉപേക്ഷിക്കണമെന്ന് ശിവഗിരി മഠത്തിലെ സ്വാമി കൃഷ്ണാനന്ദ പറഞ്ഞു. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും വരുന്ന ലക്ഷക്കണക്കിന് ശിവഗിരി തീർത്ഥാടകരടക്കം നിരവധി ജനങ്ങൾ സഞ്ചരിക്കുന്ന ശിവഗിരി മഠത്തിലേക്കുള്ള എളുപ്പവഴിയായ പാരിപ്പള്ളി-ശിവഗിരി റോഡിന് “മുക്കടയിൽ” അടിപ്പാത നിർമ്മിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് സാമി തുടർന്നു പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം, പാൽക്കുളങ്ങരയിലെ ദേശീയപാത അതോറിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എഴുകോൺ നാരായണൻ, ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ, വനിതാ വിഭാഗം ദേശീയ കൺവീനർ ശാന്തിനി കുമാരൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വർക്കല മോഹൻദാസ്, കൊല്ലം ജില്ലാ പ്രസിഡന്റ് കോണത്ത് നടരാജൻ, പത്തനംതിട്ട ജില്ലാ കൺവീനർ സുമതി അടൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. മധുലാൽ, തൊടിയൂർ സുലോചന എന്നിവർ സംസാരിച്ചു. സ്ത്രീകൾ അടക്കം നൂറുകണക്കിന് ഗുരുദേവഭക്തർ മാർച്ചിലും ധർണ്ണയിലും പങ്കെടുത്തു. പാരിപ്പള്ളി മുക്കടയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതാ അധികൃതർക്ക് ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി നിവേദനം നൽകി.