അനിശ്ചിതകാല സത്യാഗ്രഹ സമരം ഒരു മാസം പിന്നിട്ടു
വർക്കല : പാരിപ്പള്ളി വർക്കല ശിവഗിരി പാത കെട്ടിയടയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, മുക്കടയിൽ അടിപ്പാത നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് റോഡ് സംരക്ഷണസമിതി നടത്തി വരുന്ന അനിശ്ചിതകാല സത്യാഗ്രഹം സമരം ഒരു മാസം പിന്നിട്ടു. ഇതിന്റെ ഭാഗമായി ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം മൂന്നിന് പാരിപ്പള്ളി മുക്കടയിൽ നിന്നാരംഭിക്കുന്ന “പ്രതീകാത്മക ശവമഞ്ച വിലാപയാത്ര” ചാവർകോട്, പാളയംകുന്ന്, അയിരൂർ, നടയറ, പുന്നമൂട്, മൈതാനം വഴി വർക്കല പാപനാശത്ത് സമാപിക്കും. വർക്കല മൈതാനം മുനിസിപ്പൽ പാർക്കിൽ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വൈകുന്നേരം 4.30 മണിക്ക് ചേരുന്ന പ്രതിഷേധയോഗം അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും സമരസമിതി നേതാക്കളും പ്രതിഷേധ യോഗത്തിൽ പങ്കെടുക്കും.
അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എൻ. ഡി.പി. യോഗം ശിവഗിരി യൂണിയന്റെ നേതൃത്വത്തിൽ ഞായറാഴ്ച മുക്കടയിൽ നടത്തിയ ധർണ്ണ യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളിയിൽ നിന്നും വർക്കലയ്ക്കു പോകാൻ കേവലം അഞ്ചര മീറ്റർ മാത്രം വീതി വരുന്ന സർവ്വീസ് റോഡ് ഉപയോഗിച്ചു കൊള്ളണമെന്ന ദേശീയ പാത അധികാരികളുടെ നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മുക്കടയിൽ അടിപ്പാത നിർമ്മിക്കാതെ വർക്കലയിലേക്കുളള അംഗീകൃത സംസ്ഥാന പാത 64 അടച്ചുപൂട്ടാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠൻ വിഖ്യാതാനന്ദ സ്വാമികൾ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ജി. തൃദീപ് അധ്യക്ഷത വഹിച്ചു. ഷോണി ജി. ചിറവിള, വനിതാ യൂണിയൻ പ്രസിഡന്റ് സീമ, ഗീതാ സുരേന്ദ്രൻ, യുവജന വിഭാഗം കൺവീനർ അനൂപ് വെന്നികോട് എന്നിവർ സംസാരിച്ചു.