നാവായിക്കുളം : കല്ലമ്പലം വൈദ്യുതി സെക്‌ഷന്റെ പരിധിയിൽ നാവായിക്കുളം പഞ്ചായത്തിലെ കോട്ടറക്കോണത്ത് സുരക്ഷാവേലിയില്ലാത്ത ട്രാൻസ്ഫോമർ അപകടത്തിന് വഴിയൊരുക്കുമെന്ന് ആശങ്ക. അടുത്തിടെ ട്രാൻസ്ഫോമറിന് സമീപം ബൈക്കപകടമുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. നായ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം തെറ്റി വീണ ബൈക്ക് വീണത് ട്രാൻസ്ഫോമറിന് തൊട്ടരികിലാണ്. ട്രാൻസ്ഫോമറിന് സമീപം കന്നുകാലികളെ കെട്ടുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്.അധികാരികൾ കണ്ണ് തുറക്കണമെന്നും വേലി ഇല്ലാത്ത ട്രാൻസ്‌ഫോർമർ വയ്യാവേലി ആകുന്നത് വരെ കാത്ത് നിൽക്കാതെ അടിയന്തിര പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.