ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശാർക്കര കൃഷിക്കൂട്ടം ശാർക്കര പച്ചരി എന്ന അരി ഉത്പന്നം തയ്യാറാക്കി വിപണിയിലെത്തിച്ചു. ഇതിന്റെ ഔദ്യോഗിക വിപണനോദ്ഘാടനവും ബ്രാൻഡ് പ്രകാശനവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി നിർവഹിച്ചു.
ഒരു കൃഷിഭവൻ ഒരു ഉത്പന്നം എന്ന സംസ്ഥാന കൃഷിവകുപ്പിന്റെ വിഭാവനപ്രകാരമാണ് ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് ഉത്പന്നം വിപണിയിലിറക്കിയത്. ചിറയിൽ പാടശേഖരത്തിൽ കെ.എസ്.പ്രകാശ് കൃഷിചെയ്തെടുത്ത പച്ചനെല്ല് കുത്തിയെടുത്ത് വത്സല, സുജാത, ശ്രീദേവി, ജീവ, സിന്ധു, സൂര്യ തുടങ്ങിയവർ ചേർന്ന് രൂപവത്കരിച്ച ശാർക്കര കൃഷിക്കൂട്ടമാണ് ശാർക്കര പച്ചരിയുടെ പിന്നിലുള്ളത്. കൃഷി അസിസ്റ്റന്റ് കാർത്തിക ജെ.എസ്. ആണ് പ്രോജക്ട് കോ-ഓർഡിനേറ്റർ.
പഞ്ചായത്തിൽ നടന്ന പച്ചരി ബ്രാൻഡ് പ്രകാശനച്ചടങ്ങിൽ വൈസ് പ്രസിഡന്റ് ആർ.സരിത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.ബിജു, സെക്രട്ടറി എസ്.ബിന്ദുലേഖ, കൃഷി ഓഫീസർ എസ്.ജയകുമാർ, അസി. കൃഷി ഓഫീസർ എസ്.അനിൽകുമാർ, പെസ്റ്റ് സ്കൗട്ട് ഗുരുദത്ത്, കാർഷിക വികസന സമിതി അംഗം രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
പൂജപ്പുരയിൽ നടക്കുന്ന കൃഷി വകുപ്പിന്റെ ഞാറ്റുവേലച്ചന്തയിലെ ആറ്റിങ്ങൽ എ.ഡി.എസ്തല കൃഷിക്കൂട്ടം പ്രദർശന വിപണന പവിലിയനിൽ ചിറയിൻകീഴിന്റെ ശാർക്കര പച്ചരിയുമുണ്ടാകും.