വർക്കല : അധികാരം ജനസേവനത്തിന് മാത്രം ഉപയോഗിച്ച മാതൃകാ കമ്മ്യൂണിസ്റ്റാ യിരുന്നു സഖാവ് ടി.എ മജീദ് എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്വാർത്ഥത ബാധിക്കാത്ത സമ്പൂർണ്ണ ജനസേവകനായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ആദ്യ പൊതുമരാമത്ത് മന്ത്രി, രണ്ട് ദശാബ്ദക്കാലം വർക്കലയുടെ ജനകീയ എം.എൽ.എ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ടി.എ മജീദിന്റെ 43-ആം ചരമവാർഷികത്തോടനുബന്ധിച്ച് ടി.എ മജീദ് സ്മാരക സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടി.എ. മജീദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിലിന് ഈ വർഷത്തെ ടി.എ. മജീദ് സ്മാരക അവാർഡ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മാനിച്ചു. ടി.എ.മജീദ് സ്മാരക സൊസൈറ്റി പ്രസിഡന്റ് മാങ്കോട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മന്ത്രി അഡ്വ. ജി.ആർ അനിൽ ടി.എ മജീദ് അനുസ്മരണ പ്രഭാഷണം നടത്തി.
മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, കേരള ക്ഷീര കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ,എൻ. രാജൻ, മനോജ് ബി. ഇടമന,പള്ളിച്ചൽ വിജയൻ, ടി.എ.മജീദ് സ്മാരക സൊസൈറ്റി സെക്രട്ടറി വി. മണിലാൽ, മടവൂർ സലിം, വി. രഞ്ജിത്ത്, എ. എം. റൈസ്, ഷിജി ഷാജഹാൻ എന്നിവർ സംസാരിച്ചു.