ആറ്റിങ്ങൽ : മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ ഈ വർഷത്തെ പരിപാടികളോട് അനുബന്ധിച്ച് 2023 ആഗസ്റ്റ് മാസം 4,5,6 തീയതികളിൽ പൊയ്കമൂക്ക് തിപ്പട്ടി ദേവീക്ഷേത്ര ആഡിറ്റോറിയത്തിൽ( തുണ്ടുവിള സത്യനേശൻ നഗർ ) നടക്കുകയാണ്. പ്രസ്തുത പരിപാടി കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ ഭരത് ഗോപി പുരസ്കാരം പ്രശസ്ത സിനിമാതാരം ബൈജു സന്തോഷിനും, മാനവസേവ പുരസ്കാരം കൊല്ലം എംഎൽഎ മുകേഷിനും, സിനി ആർട്ടിസ്റ്റിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം പ്രശസ്ത സീരിയൽ താരം അമൃത നായർക്കും സമ്മാനിക്കും.
ആഘോഷ കർമ്മശ്രേഷ്ഠ പുരസ്കാരം തിരുവനന്തപുരം ജില്ല ലേബർ ഓഫിസർ എൻ കൃഷ്ണകുമാറിനും, ആറ്റിങ്ങൽ എസ്എച്ച്ഒ ശ്രീ തൻസീം അബ്ദുൽ സമദിനും, വെഞ്ഞാറമൂട് എസ്എച്ച്ഒ അനൂപ് കൃഷ്ണ ആർ പി ക്കും, മാധ്യമ രംഗത്തെ പുരസ്കാരങ്ങൾ കേരളകൗമുദി ലേഖകൻ ബൈജുമോഹൻ, മലയാള മനോരമ ലേഖകൻ ശ്രീരാജ്, ദേശാഭിമാനി ലേഖകൻ ദിനേശ്, എ സി വി ചാനൽ ക്യാമറാമാൻ ബിനീഷ്, വിസ്മയ ചാനൽ റിപ്പോർട്ടർ ശ്രീജിത്ത് മാരാർ തുടങ്ങിയവർക്ക് നൽകും.
എക്സ് സർവീസ് വിംഗ് പുരസ്കാരങ്ങൾ മുദാക്കൽ പാറയടി സ്വദേശികൾക്കും, മികച്ച കർഷകർക്കും, വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ സമ്മാനിക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാതലത്തിൽ ചിത്രരചന മത്സരം, ക്വിസ് പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിക്കും.
മുകേഷ് എംഎൽഎ ജൂറി ചെയർമാനായും അഡ്വക്കേറ്റ് എസ് ലെനിൻ, രഘുനാഥൻ ജോത്സ്വർ തുടങ്ങിയവർ ജൂറി അംഗങ്ങളുമായ പാനലാണ് ഭരത് ഗോപി പുരസ്കാരത്തിനായി ബൈജു സന്തോഷിനെ തെരഞ്ഞെടുത്തത്. ശില്പവും, പ്രശസ്തിപത്രവും 25,000 രൂപ ക്യാഷ് അവാർഡും ഉൾപ്പെടുന്നതാണ് പുരസ്കാരം. ചിറയിൻകീഴ് എംഎൽഎ വി ശശി ജൂറി ചെയർമാനായും, അഡ്വക്കേറ്റ് പി ആർ രാജീവ്, പൊയ്കമുക്ക് ഹരി തുടങ്ങിയവർ ജൂറി അംഗങ്ങളായ പാനലാണ് മാനവസേവ പുരസ്കാരത്തിനായി കൊല്ലം എംഎൽഎ മുകേഷിനെ തിരഞ്ഞെടുത്തത്. ശില്പവും, പ്രശസ്തിപത്രവും, പതിനായിരം രൂപ ക്യാഷ് അവാർഡും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.