അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നാല് വയസ്സ്കാരിയെ തെരുവ് നായ ആക്രമിച്ച സംഭവത്തിൽ ചത്ത നായയുടെ ശവം പുറത്തെടുത്ത് പരിശോധനക്കയച്ചു.
നായ്ക്കളിൽ പേയ് വിഷബാധ ക്രമതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാദേശവാസികളുടെ ആശങ്ക കണക്കിലെടുത്തുള്ള സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നായയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചത്. അഞ്ചുതെങ്ങ് ഗവണ്മെന്റ് മൃഗാശുപത്രി വെറ്റിനറി സർജ്ജൻ ജസ്‌ന എസ് ന്റെ മേൽനോട്ടത്തിലാണ് നായയുടെ ശവം പുറത്തെടുത്ത് പാലോട് ചീഫ് ഡിസീസ് ഇൻവസ്റ്റിഗേഷൻ ഓഫീസിലേക്ക് പരിശോധനകൾക്കായി അയച്ചത്.
നടപടിക്രമങ്ങൾക്ക് വാർഡ് മെമ്പർ ബിഎൻ സൈജുരാജ്, ഗ്രാമ പഞ്ചായത്ത് ക്ലർക്ക് മുജീബ് മൃഗശുപത്രി ജീവനക്കാരിയായ ഇന്ദു തുടങ്ങിയവർ നേതൃത്വം നൽകി.
കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നമുടിപ്പുര കൃപാനഗർ സ്വദേശിനി റോസ്‌ലിയ (4) തെരുവ് നായ ആക്രമിച്ച് ഗുരുതര പരുക്ക് ഏൽപ്പിച്ചത്.
അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു.