പുതിയ അധ്യയന വർഷം ആരംഭിച്ച് ഒന്നര മാസം പിന്നിട്ടിട്ടും വിദ്യാഭ്യാസ മേഖലയിൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ നിയമനം നടത്താത്തത് ഈ മേഖലയെ സങ്കീർണമാക്കുമെന്നും, കെ.എ.എസ്.കാരെ നിയമിച്ച് ഡി.ഇ.ഒ തസ്തിക നികത്താനുള്ള സർക്കാർ നീക്കം അധ്യാപകരുടെ പ്രൊമോഷൻ സാധ്യതകളെ ബാധിക്കുമെന്നതിനാൽ ആ നടപടിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും കെപിഎസ്ടിഎ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെപിഎസ്ടിഎ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ.ശ്രീകുമാർ, എൻ. സാബു, എ.ആർ. ഷമീം, ഡി.സി. ബൈജു, ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായൺ, സെക്രട്ടറി സി.ആർ.ആത്മകുമാർ, ട്രഷറർ ബിജു ജോബോയ്, ഭാരവാഹികളായ വി.വിനോദ്, എം. റിജാം സി.എസ്.വിനോദ്, പി.എ.സാജൻ, ക്ലീറ്റസ് തോമസ്, പി. പ്രിൻസ് എന്നിവർ നേതൃത്വം നൽകി.