വർക്കല : അധ:സ്ഥിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സാധാരണ ജനങ്ങളുടെ ജീവിതം സാഹിത്യത്തിലൂടെ ആവിഷ്കരിക്കരിച്ച അതുല്യ പ്രതിഭയായിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്ന് പ്രശസ്ത കവിയും സാഹിത്യകാരനുമായ എ.വി ബാഹുലയൻ. മലയാള സാഹിത്യത്തിൽ നവോത്ഥാനം സാധ്യമാക്കി തീർത്ത എഴുത്തുകാരനും ഒപ്പം നർമ്മ മധുരമായ ശൈലിയിലൂടെ ജീവിതത്തിന്റെ ദാർശനിക തലങ്ങൾ ആവിഷ്കരിച്ച എഴുത്തുകാരനു മായിരുന്നു ബഷീർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, പുസ്തക പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥശാല പ്രസിഡന്റ് സാബു. എസ് അധ്യക്ഷത വഹിച്ചു. മലയാള വേദി സാരഥിയും കവിയുമായ ഓരനെല്ലൂർ ബാബു വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. വടശ്ശേരിക്കോണം കെ. പ്രസന്നൻ, ശ്രീകണ്ഠൻ, സുദർശനൻ എസ്, സാബു. ബി എന്നിവർ സംസാരിച്ചു.
എ.വി ബാഹുലേയൻ രചിച്ച ‘വെളിച്ചം’ എന്ന കവിതയും ചിന്ത്രനെല്ലൂർ തുളസിയുടെ ‘യോജനം’ എന്ന ലഘു നോവലും ചടങ്ങിൽ പ്രകാശനം ചെയ്തു.ബി.ഓമന ടീച്ചർ സ്വാഗതവും മുബാറക്ക് റാവുത്തർ നന്ദിയും പറഞ്ഞു.