മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി. പുതുക്കുറുച്ചി സ്വദേശികളായ സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എന്നിവരെയാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി .
അപകടം നടന്ന സ്ഥലത്തുനിന്ന് ഏതാനും മീറ്ററുകൾ അകലെയുള്ള പുലിമുട്ടുകൾക്ക് ഇടയിൽ നിന്നാണ് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. ഇന്നലെ പുലിമുട്ടുകൾക്ക് ഇടയിൽ തിരച്ചിൽ നടത്തിയിരുന്നില്ല. ഇന്ന് രാവിലെ മുതൽ നാവിക സേനയുടെ സ്ക്യൂബ ഡൈവേഴ്സ് പുലിമുട്ടുകൾക്കിടയിൽ തിരച്ചിൽ നടത്തി. നാട്ടുകാരായ രക്ഷാ പ്രവർത്തകരും ഒപ്പം ചേർന്നു. 12 മണിയോടെ 52 വയസ്സുകാരനായ സുരേഷ് ഫെർണാണ്ടസിനെ കണ്ടെത്തിയത്. അപകടത്തിൽ പെട്ട ബോട്ടിന്റെ വലയിൽ കുരുങ്ങിയനിലയിൽ പുലിമുട്ടുകൾക്ക് ഇടയിൽ ആയിരുന്നു മൃതദേഹം.
ഇതോടെ പുലിമുട്ട് കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജിതമാക്കി. 4 മണിയോടെ 42 വയസ്സുകാരനായ ബിജു ആന്റണിയെ കണ്ടെത്തി. ഇന്നലെ തന്നെ പുലിമുട്ടുകൾക്ക് ഇടയിൽ പരിശോധന നടത്തിയിരുന്നെങ്കിൽ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയേനെ എന്ന് നാട്ടുകാരായ രക്ഷാ പ്രവർത്തകർ പറയുന്നു.മുതലപ്പൊഴി കിഴക്ക് ഭാഗത്തെ കായലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകട ദിവസം തന്നെ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോൻ മരണപ്പെട്ടിരുന്നു.